സിപിഎം സമ്മേളനങ്ങളില്‍ പോലിസിലെ ആര്‍എസ്എസ് വിങ്ങിനെതിരേ രൂക്ഷ വിമര്‍ശനം; അനങ്ങാപ്പാറ നയം സ്വീകരിച്ച് മുഖ്യമന്ത്രി

പോലിസില്‍ നുഴഞ്ഞുകയറിയ ആര്‍എസ്എസ് അനുകൂലികള്‍, ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി, അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് നിരീക്ഷിച്ച് കള്ളക്കേസെടുക്കുന്നത് നിഗൂഢ സംഘപദ്ധതിയുടെ ഭാഗമാകാനാണ് സാധ്യത

Update: 2022-01-23 12:18 GMT

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പോലിസിലെ ആര്‍എസ്എസ് ഇടപെടലിനെക്കുറിച്ചും ആഭ്യന്തരവകുപ്പിനെക്കുറിച്ചും കനത്ത വിമര്‍ശനങ്ങളുയര്‍ന്നിട്ടും അനങ്ങാപ്പാറ നയം സീകരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ സമ്മേളന പ്രതിനിധികള്‍ പോലിസിനെതിരേ വിമര്‍ശനമുന്നയിച്ചിട്ടും മൗനം പാലിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് സൈബര്‍ കേസില്‍ പെടുത്തുന്നത് പോലിസിലെ ആര്‍എസ്എസ് സ്വാധീനം മൂലമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാവാം സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് പോലിസ് കേസില്‍ കുടുക്കുന്നത്. പോലിസില്‍ നുഴഞ്ഞുകയറിയ സംഘപരിവാര്‍ അനുകൂലികള്‍, ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി, അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് നിരീക്ഷിച്ച് കള്ളക്കേസെടുക്കുന്നത് നിഗൂഢ സംഘപദ്ധതിയുടെ ഭാഗമാകാനാണ് സാധ്യത.

അതേസമയം, പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് ചികില്‍സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പോലിസിലെ ആര്‍എസ്എസ് ഇടപെടലുകളെകുറിച്ച് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ സമ്മേളനപ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടി നല്‍കി. പോലിസിനെ ആര്‍എസ്എസ് നുഴഞ്ഞുകയറ്റം സമ്മതിച്ചായിരുന്നു കോടിയേരുടെ മറുപടി. ആര്‍എസ്എസിന്റെ പോലിസിലെ സ്വാധീനം ഏറ്റവുമധികം തിരിച്ചറിഞ്ഞവരാണ് പത്തനം തിട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രത്യേകിച്ച് കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് സംഘപരിവാര്‍ പത്തനംതിട്ട ജില്ല കലാപഭൂമിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരള പോലിസിലെ ആര്‍എസുഎസുകാരായിരുന്നു. പോലിസിന്റെ എല്ലാ രഹസ്യ നീക്കങ്ങളും സംഘപരിവാറിന് ചോര്‍ത്തിക്കൊടുത്തു സര്‍ക്കാര്‍ നീക്കങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിന് തുരങ്കംവെച്ച് കേരളത്തെ കലാപഭൂമിയാക്കിയത് പോലിസിലെ ആര്‍എസ്എസ് നുഴഞ്ഞുകയറ്റക്കാരായിരുന്നു. ഒടുവില്‍ ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എഡിജിപി എസ് ശ്രീജിത്ത് സര്‍ക്കാരിന് തലവേദനയാവുകയും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മനോജ് എബഹ്രാമിനെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

ഈ അനുഭവം മുന്നില്‍വച്ചാണ് പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ പോലിസിലെ ആര്‍എസ്എസ് വിങ്ങിനെതിരേ സമ്മേളനത്തില്‍ ആഞ്ഞടിച്ചത്. പോലിസില്‍ ശക്തമായ ആര്‍എസ്എസ് സ്വാധീനമുണ്ടെന്ന് പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവ് പിലിപ്പോസ് തോമസ് ജില്ലാ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി, പാര്‍ട്ടി അനുഭാവികളായ പോലിസുകാര്‍ എളുപ്പമുള്ള ജോലികള്‍ തേടിപ്പോകുന്നുവെന്നും ആ ഒഴിവുകളിലേക്ക് ആര്‍എസ്എസുകാര്‍ നുഴഞ്ഞു കയറുന്നുവെന്നുമാണ് അഭിപ്രായപ്പെട്ടത്. പോലിസ് സ്‌റ്റേഷനുകളിലെ റൈറ്റര്‍ തുടങ്ങിയ മര്‍മ്മപ്രധാന ചുമതലകളില്‍ ആര്‍എസ്എസുകാര്‍ കയറിപ്പറ്റുകയും, പാര്‍ട്ടി അനുഭാവികള്‍ സ്‌റ്റേഷനിലേക്ക് പോലും വരേണ്ടാത്ത സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് കുടിയേറുന്നതായും കോടിയേരി വ്യക്തമാക്കിയിരുന്നു.

കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുന്‍ എംഎല്‍എ കൂടിയായ ഐഷാപോറ്റി പോലിസിനെ കടന്നാക്രമിച്ചത്. ഒരു ജനപ്രതിനിധിയായ തനിക്ക് പോലും പോലിസ് സ്‌റ്റേഷനില്‍ നിന്ന് നീതിലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഐഷാ പോറ്റി മറയില്ലാതെ പറഞ്ഞിരുന്നു.

ഭരണകാര്യങ്ങളെ ഏറ്റവും അടുത്ത് നിന്ന് വീക്ഷിക്കുന്ന തിരുവനന്തപുരം ജില്ല സമ്മേളനത്തിലും, ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പോലിസിനെ ഒരു പരിധിവരെ നിയന്ത്രിക്കാനായിരുന്നുവെന്നും നിരീക്ഷണമുണ്ടായി.

ഒരു സംഘം പോലിസുകാര്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഇടുക്കി സമ്മേളന പ്രതിനിധികള്‍ ഒരു പടികൂടി കടന്ന് ആഭ്യന്തരവകുപ്പിന് പ്രത്യേക മന്ത്രി വേണം എന്ന് കൂടി അഭിപ്രായപ്പെട്ടിരുന്നു. ഈ സമ്മേളനത്തില്‍ മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു.

എറണാകുളം സമ്മേളനത്തില്‍ ആലുവ മൊഫിയ കേസ് ചര്‍ച്ചയായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതിയില്‍ റിമാന്‍ഡ് റിപോര്‍ട്ട് നല്‍കിയിരുന്നു. പോലിസിന്റെ മോശം ഇടപെടലാണ് പ്രശ്‌നത്തെ വഷളാക്കിയതെന്നും തുടക്കത്തില്‍ തന്നെ വേഗം നടപടിയെടുത്തിരുന്നുവെങ്കില്‍ വിവാദം അവസാനിപ്പിക്കാമായിരുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പോലിസില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് പാലക്കാട് സമ്മേളനത്തില്‍ ഉയര്‍ന്നത്. കോഴിക്കോട് സമ്മേളത്തില്‍ അലന്‍,താഹ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ യുഎപിഎ ചുമത്തുന്നത് പാര്‍ട്ടി കേന്ദ്ര നയത്തിനനുസരിച്ചാണോ എന്നും പ്രതിനിധികള്‍ ചോദ്യമുന്നയിച്ചിരുന്നു. അതേസമയം, സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇലക്കും മുള്ളിനും കേടില്ലാത്ത വിധം ഒഴുക്കന്‍ മട്ടില്‍ പോലിസിനെ കുറിച്ച് പറഞ്ഞുപോവുകയായിരുന്നു. പോലിസില്‍ ചിലര്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്, അവരെ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ജോണ്‍സണ്‍ മാലുങ്കലിന്റെയും നടന്‍ ദിലീപിന്റെയും കേസുകളില്‍ പോലിസിലെ ഉന്നതര്‍ ഇടപെട്ടിരുന്നതായി സമ്മേളന പ്രതിനിധികള്‍ ചൂണ്ടിക്കായിരുന്നു. എന്നാല്‍, മഹാ ഭൂരിപക്ഷം ജില്ല സമ്മേളനപ്രതിനിധികളും ആഭ്യന്തരവകുപ്പിലെ ആര്‍ആസ്എസ് വിങ്ങിനെ കുറിച്ചായിരുന്നു വിമര്‍ശനമുന്നയിച്ചത്. അതേസമയം, പോലിസിന്റെ സ്വതന്ത്ര സ്വഭാവത്തിന് കോട്ടം തട്ടുമെന്നും ഏകാധിപത്യഭരണമാണെന്ന് ജനം വിലയിരുത്തുമെന്നും ന്യായീകരിച്ചാണ് പോലിസ് വകുപ്പില്‍ ഇടപെടേണ്ടന്ന് മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.


Tags:    

Similar News