'ഹാമിദ് അന്‍സാരിക്ക് പാക്ബന്ധമെന്ന് ആരോപണം'; ഫോട്ടോ പുറത്തുവിട്ട് ബിജെപി

Update: 2022-07-15 11:38 GMT

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേയുളള ആരോപണം കടുപ്പിച്ച് ബിജെപി. അദ്ദേഹത്തിന് പാകിസ്താന്‍ പൗരനും പാക് ചാരസംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഹാമിദ് അന്‍സാരിയും പാക് മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സയുമായി ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രം ബിജെപി പുറത്തുവിട്ടു.

എല്ലാ ആരോപണങ്ങളും ഹാമിദ് അന്‍സാരി നിഷേധിച്ചു.

ഇന്ത്യയില്‍ നടന്ന ഒരു സമ്മേളനത്തിനിടെ ഇരുവരും വേദി പങ്കിടുന്നതിന്റെ ഫോട്ടോയാണ് ബിജെപി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.

യുപിഎ ഭരണകാലത്ത് താന്‍ അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് ശേഖരിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ തന്റെ രാജ്യത്തെ ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്നും പാകിസ്താന്‍ പത്രപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സതന്നെയാണ് അവകാശപ്പെട്ടത്.

ഹാമിദ് അന്‍സാരിയുടെ ക്ഷണപ്രകാരമാണ് താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഒരിക്കലും ഇപ്പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ കാണുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് അന്‍സാരി ആവര്‍ത്തിച്ചു.

മുന്‍ ഉപരാഷ്ട്രപതി ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാന്നാണ് ബിജെപി ആരോപിക്കുന്നത്.

2009ല്‍ പാക് മാധ്യമപ്രവര്‍ത്തകനും മുന്‍ ഉപരാഷ്ട്രപതിയും ഭീകരവാദവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. വെള്ളിയാഴ്ച ബിജെപി ആസ്ഥാനത്തായിരുന്നു വാര്‍ത്താ സമ്മേളനം.