യോഗിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമെന്ന് ആരോപണം; ഉദ്ദവ് താക്കറെക്കെതിരേ ബിജെപിയുടെ പരാതി

Update: 2021-08-26 04:15 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മര്‍ദ്ദിക്കുമെന്ന് പരസ്യമായി പ്രസംഗിച്ച കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്ത് വിട്ടതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കെതിരേ പരാതിയുമായി ബിജെപി. ഉദ്ദവ് താക്കറെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീര്‍ത്തികരമായി പ്രസംഗിച്ചുവെന്നാരോപിച്ചാണ് ബിജെപി പരാതി നല്‍കിയിട്ടുള്ളത്. ഉദ്ദവിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യയും പാര്‍ട്ടി മുഖപത്രം സാമ്‌നയുടെ എഡിറ്റര്‍ രശ്മി താക്കറെ, യുവസേന പ്രസിഡന്റ് വരുണ്‍ സര്‍ദേശായി എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.

മൂന്നു പേര്‍ക്കെതിരേയും നാസിക്കില്‍ വേറെ വേറെ പരാതിയകളാണ് നല്‍കിയിട്ടുള്ളത്. എല്ലാ പരാതികളും ബിജെപി നേതാക്കളാണ് നല്‍കിയിട്ടുള്ളതെന്ന് പോലിസ് സ്ഥിരീകരിച്ചു.

താക്കറെക്കെതിരേയും സര്‍ദേശായിക്കെതിരേയും ഋഷികേശ് ജയന്ത് എന്നയാളാണ് പരാതിപ്പെട്ടിരിക്കുന്നത്. സര്‍ദേശായി മുംബൈയിലെ റാണെയുടെ വസതിക്കുമുന്നില്‍ നിയമവിരുദ്ധമായി പ്രകടനം നടത്തിയെന്നാണ് ആരോപിച്ചിരിക്കുന്നത്. താക്കറെ ഇതിന്റെ പേരില്‍ സര്‍ദേശായിയെ അഭിനന്ദിച്ചുവെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ആരോപിച്ചിരിക്കുന്നു. അതിനു തെളിവായി വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ദേശായിക്കെതിരേ ഐപിസി 153 എ, 107, 212 എന്നിവ ചുമത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

രണ്ടാമത്തെ പരാതി സുനില്‍ രഘുനാഥ് കെദാര്‍ ആണ് നല്‍കിയിരിക്കുന്നത്. അത് താക്കറെക്ക് എതിരെയാണ്. യോഗി ആദിത്യനാഥിനെതിരേ മോശം പരാമര്‍ശമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018ലെ ഒരു വീഡിയോ തെളിവായി കാണിച്ചിരിക്കുന്നു. യോഗിയെ ചെരിപ്പെടുത്തടിക്കണമെന്ന് ആ വിഡീയോയില്‍ ഉദ്ദവ് പറയുന്നുണ്ട്.

മൂന്നാമത്തെ പരാതി ശഇവജി നവൃത്തി ബാര്‍കെയാണ് നല്‍കിയിരിക്കുന്നത്, രശ്മി താക്കറെക്കെതിരേ. സാമ്‌നയിലെ എഡിറ്റോറിയലില്‍ റാണെക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നാണ് ആരോപണം.