സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാല്‍സംഗശ്രമം തന്നെ; അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാല്‍സംഗശ്രമമായി കണക്കാക്കാനാകില്ലെന്ന അലഹബാദ് കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തികള്‍ ബലാല്‍സംഗശ്രമമായി തന്നെ പരിഗണിക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ചരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.
2025 മാര്‍ച്ച് 17നാണ് ഹൈകോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് ബലാല്‍സംഗശ്രമമല്ലെന്നും അതിനെ അപമാനമായി മാത്രം കാണാനാകുമെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. സംഭവം തീവ്രത കുറഞ്ഞ കുറ്റകൃത്യമായി മാത്രമേ പരിഗണിക്കാനാകൂവെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകയും 'വി ദ വിമന്‍' എന്ന എന്‍ജിഒയുടെ സ്ഥാപക പ്രസിഡന്റുമായ ശോഭ ഗുപ്ത നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി സ്വമേധയാ ഇടപെട്ടത്.
അതേസമയം, ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ അനുകമ്പയും മാനുഷിക സമീപനവും പുലര്‍ത്തേണ്ടതുണ്ടെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ജുഡീഷ്യല്‍ സംവിധാനത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനായി ദേശീയ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ അനിരുദ്ധ ബോസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.