ഇടതു സര്‍ക്കാര്‍ സര്‍വ മേഖലകളിലും കേരളത്തിന്റെ തകര്‍ച്ച ഉറപ്പാക്കി: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ആര്‍എസ്എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണത്തെ ചടുലതയോടെ നടപ്പാക്കി അധസ്ഥിത ജനതയെ വഞ്ചിക്കുകയായിരുന്നു

Update: 2022-06-04 12:02 GMT

തിരുവനന്തപുരം: സര്‍വ മേഖലകളിലും കേരളത്തിന്റെ തകര്‍ച്ച ഉറപ്പാക്കിയ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇടതു സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തില്‍ 'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച' എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയേറ്റിനു മുമ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ കാതലായ സാമൂഹിക നീതി പോലും അട്ടിമറിച്ച സര്‍ക്കാരാണിത്. ആര്‍എസ്എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണത്തെ ചടുലതയോടെ നടപ്പാക്കി അധസ്ഥിത ജനതയെ വഞ്ചിക്കുകയായിരുന്നു. സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര ശ്രമത്തിന് ആക്കം കൂട്ടിയാണ് ഇടതു സര്‍ക്കാര്‍ തുടര്‍ഭരണം സാധ്യമാക്കിയത്. ഇടതുപക്ഷത്തിന്റെ സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ച മാത്രമല്ല, അടിത്തറ തന്നെ തകര്‍ക്കുകയായിരുന്നു ഈ സര്‍ക്കാര്‍.

കഴിഞ്ഞ ആറ് വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണ്. പൊതുകടം നാലു ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു. കൊവിഡ് മാഹാമാരി സൃഷ്ടിച്ച ദുരന്ത സാഹചര്യത്തെ പോലും അഴിമതിക്ക് ഉപയോഗപ്പെടുത്തിയ സര്‍ക്കാരാണിത്. മാസ്‌കും പിപി കിറ്റും പോലും വാങ്ങിയതില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതി സുഗമമാക്കാന്‍ ലോകായുക്തയുടെ നാവരിഞ്ഞു. കെഎസ്ആര്‍ടിസി ഏതു നിമിഷവും കട്ടപ്പുറത്താവുന്ന അവസ്ഥയിലാണ്. തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം പോലും നല്‍കുന്നില്ല. ട്രഷറി പോലും പൂട്ടുന്നു. ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തില്‍ കെട്ടിട നികുതി, ഭൂ നികുതി, വെള്ളക്കരം, ഭൂമി രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിവ വര്‍ധിപ്പിച്ചു.

സംസ്ഥാനം ലഹരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. കേരളത്തിന്റെ നിയന്ത്രണം ലഹരി, ഗുണ്ടാ മാഫിയാ സംഘങ്ങളുടെ കൈയിലായിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കിക്കൊണ്ടിരിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചു. കടക്കെണിയില്‍ ശ്വാസം മുട്ടുമ്പോഴും കോടികള്‍ കടമെടുത്ത് കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിലെല്ലാമുപരി സര്‍ക്കാര്‍ ധൂര്‍ത്ത് അതിര് വിടുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരേ തൃക്കാക്കര മോഡല്‍ ബാലറ്റിലൂടെ മാത്രമല്ല തെരുവളിലും പ്രതിഷേധവും പ്രതിരോധവും ശക്തമാക്കുമെന്നും അതിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

കേരളാ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്ന് ധര്‍ണയില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, എസ് പി അമീര്‍ അലി, അഷ്‌റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, മുസ്തഫ പാലേരി, എല്‍ നസീമ, പി എം അഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംബന്ധിച്ചു. 

Tags: