അജിത് പവാറിന്റെ ഭാവി എന്ത്? രാജ്യം ഉറ്റുനോക്കുന്നു

എങ്കിലും ഇനി എന്തായിരിക്കും അജിത് പവാര്‍ ചെയ്യുക, എന്‍സിപിയിലേക്ക് തിരിച്ചുവരുമോ? വന്നാല്‍ തന്നെ ശരത് പവാറും എന്‍സിപിയുടെ മറ്റു നേതൃത്വങ്ങള്‍ എന്തുനിലപാടായിരിക്കും എടുക്കുക? ഇതിനൊന്നും ഇപ്പോഴും ഉത്തരമില്ല.

Update: 2019-11-27 05:59 GMT

മുംബൈ: അജിത് പവാറിന്റെ ഭാവി എന്തായിരിക്കുമെന്നാണ് എല്ലാവരും അടുത്തതായി ഉറ്റുനോക്കുന്നത്. നിരവധി രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ കാലമായിരുന്നു അജിത് പവാറിന് ഈ വര്‍ഷം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ അജിത് പവാറിനെയും ശരത് പവാറിനെയും ഫെഡ്‌നാവിസ് മന്ത്രിസഭ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കുടുക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് ഒളിവില്‍ പോയി. കളളപ്പണം വെളിപ്പിച്ചുവെന്നായിരുന്നു ആരോപണം.

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പു സമയത്തും ചില അസ്വസ്ഥകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. തന്റെ മകന്‍ പാര്‍ത്തിന് ഒരു സീറ്റിനു വേണ്ടി അജിത് പവാര്‍, ശരത് പവാറിനോട് അഭ്യര്‍ത്ഥിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒടുവില്‍ സീനിയര്‍ പവാര്‍ അതംഗീകരിക്കുകയായിരുന്നു. പാര്‍ത്തിന് വിജയിക്കാനാവില്ലെന്നായിരുന്നു ശരത് പവാറിന്റെ വാദം. തിരഞ്ഞെടുപ്പ് ഫലം അത് ശരിവച്ചു. പാര്‍ത്ത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക മാത്രമല്ല, പവാര്‍ കുടുംബത്തില്‍ നിന്ന് തോല്‍വി രുചിക്കുന്ന ആദ്യ അംഗമാവുകയും ചെയ്തു.

അതേസമയം അഴിമതിക്കേസില്‍ കുടുങ്ങിയ അജിത്തിനോട് ഇത്തവണ മത്സരിക്കാന്‍ പറഞ്ഞതും ശരത് പവാറാണ്. അത് ശരിയായി വരികയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അജിത് നിയമസഭയിലെത്തി.

സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപിയും രണ്ടാമത്തെ കക്ഷിയായ ശിവസേനയും തമ്മില്‍ അധികാരം പങ്കിടുന്നതില്‍ തര്‍ക്കമുണ്ടാകുകയും ഐക്യമുന്നണി തകരുകയും ചെയ്തതോടെയാണ് പുതിയ നാടകങ്ങള്‍ക്ക് തുടക്കമാകുന്നത്.

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാനായി അടുത്ത ശ്രമം. അതിനിടയിലാണ് അജിത് ബിജെപിയുമായി സഖ്യമുണ്ടാക്കി എന്‍സിപിയിലെ ഏതാനും എംഎല്‍എമാരെയും കൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് അതില്‍ ഉപമുഖ്യമന്ത്രിയാവുന്നത്. പക്ഷേ, അവിടെയും അജിത്തിന് വിജയിക്കാനായില്ല. കളം മാറ്റിച്ചവിട്ടിയ എന്‍സിപി എംഎല്‍എമാരെ ശരത് പവാര്‍ തിരികെ തന്റെ ക്യാമ്പിലെത്തിച്ചു. അതിനിടയില്‍ ത്രികക്ഷി സഖ്യം സുപ്രിം കോടതിയെ സമീപിച്ചു. തൊട്ടടുത്ത ദിവസം തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതിനിടയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ എല്ലാവരെയും എത്തിച്ച് ത്രികക്ഷി സഖ്യം ശക്തി തെളിയിക്കുകയും ചെയ്തു. നിരാശനായ ഫഡ്‌നാവിസിന് രാജിവക്കേണ്ടിവന്നു. ഒപ്പം അജിത് പവാറിനും. ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റ അതേസമയത്ത് അജിത് ഉള്‍പ്പെട്ട ഒമ്പതോളം അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനെതിരേയും ത്രികക്ഷി സഖ്യം കോടതിയില്‍ പോയിരിക്കയാണ്.

ഇപ്പോള്‍ എല്ലാ തന്ത്രങ്ങളും പാളി നില്‍ക്കുകയാണ് അജിത് പവാര്‍. ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയ അജിത്തിനെ പാര്‍ട്ടിയിലെ ചില മെമ്പര്‍മാര്‍ ആലിംഗനം ചെയ്ത് സ്വീകരിക്കുകയുണ്ടായി. എങ്കിലും ഇനി എന്തായിരിക്കും അജിത് പവാര്‍ ചെയ്യുക, എന്‍സിപിയിലേക്ക് തിരിച്ചുവരുമോ? വന്നാല്‍ തന്നെ ശരത് പവാറും എന്‍സിപിയുടെ മറ്റു നേതൃത്വങ്ങള്‍ എന്തുനിലപാടായിരിക്കും എടുക്കുക? ഇതിനൊന്നും ഇപ്പോഴും ഉത്തരമില്ല. 

Tags:    

Similar News