മേഘാലയയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങുന്ന ഇതരസംസ്ഥാനക്കാര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണം

തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നീക്കം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

Update: 2019-11-02 09:32 GMT

ഷില്ലോങ്: മേഘാലയയില്‍ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം വരുന്നു. തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നീക്കം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി 2016 ലെ മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ആക്റ്റ് ഭേദഗതി ചെയ്യും. പുതുക്കിയ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് ഉപ മുഖ്യമന്ത്രി പ്രസ്റ്റോന്‍ തൈസോങ് പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും എന്‍ജിഒകളും മറ്റ് സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

പുതിയ നിയമമനുസരിച്ച് 24 മണിക്കൂറില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാനുദ്ദേശിക്കുന്നവര്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. സന്ദര്‍ശകരുടെയും തദ്ദേശവാസികളുടെയും സുരക്ഷയെ കരുതിയാണ് ഇതെന്ന് തൈസോങ് അവകാശപ്പെട്ടു. കേന്ദ്ര, സംസ്ഥാന, ജില്ലാ കൗണ്‍സില്‍ ജീവനക്കാരെ നിയമത്തില്‍ നിന്ന് ഒഴിവാക്കും.

അനധികൃത കുടിയേറ്റം തടയുന്നതിനു വേണ്ടി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് 2016 ല്‍ മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ആക്റ്റ് കൊണ്ടുവന്നത്.  

Tags:    

Similar News