അലക്സി നവാല്‍നിയെ വിഷം നല്‍കി കൊന്നത്; റഷ്യക്കെതിരേ യൂറോപ്യന്‍ രാജ്യങ്ങള്‍

Update: 2026-02-15 05:03 GMT

മോസ്‌കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. 'എപിബാറ്റിഡിന്‍' എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം.

'നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്', ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. 'നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം' യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു.

പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ നവാല്‍നി പുടിന് കൂടുതല്‍ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

തടവില്‍ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് നവാല്‍നി മരിച്ചെന്ന വിവരം അറിയിച്ചത്. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാന്‍ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ടു. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്.

Tags: