സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ
ഹിയറിങ് ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി
ആലപ്പുഴ: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം(എസ്‌ഐആര്‍) നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ. ഹിയറിങ് ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ണമായി. രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധന പൂര്‍ത്തിയായത്. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂര്‍ത്തിയാക്കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ പുറത്തായത് ഇരുപത്തി എണ്ണായിരത്തിലധികം പേരാണ്.
ജില്ലയില്‍നിന്ന് 16,16,561 വോട്ടര്‍മാരാണ് എസ്‌ഐഅര്‍ കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 14,71,150 വോട്ടര്‍മാരെ 2002ലെ എസ്‌ഐആര്‍ പട്ടികയുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. ബാക്കിയായ 1,45,411 പേരുടേയും വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടായിരുന്ന 1,10,683 പേരുടേയും ഹിയറിങ് നടത്തി. രേഖകള്‍ പരിശോധിച്ച്, അവ അപ്ലോഡ് ചെയ്തു. ഇതോടെ അന്തിമ വോട്ടര്‍പട്ടികയില്‍ 16,12,110 വോട്ടര്‍മാരുണ്ട്. മരിച്ചവരും താമസം മാറിയവരുമുള്‍പ്പെടെ അയോഗ്യരാക്കപ്പെട്ടത് 4,438 പേരാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടര്‍മാരേയും ഉള്‍പ്പെടുത്തി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ഹിയറിങ്ങിലൂടെ 28,158 പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഇതുവരെ പുറത്തായത്.