പൂന്തുറയില്‍ മതിയായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍

Update: 2020-07-09 16:46 GMT

തിരുവനന്തപുരം: അപകടകരമാംവിധം കൊവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ച് അടിയന്തിരമായി ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇത്ര കൂടിയ അളവില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചിട്ടും മതിയായ അളവില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ പ്രദേശത്ത് നിയോഗിച്ചിട്ടില്ല. പൂന്തുറയില്‍ നിന്ന് കാരക്കോണം വര്‍ക്കല പോലെയുളള വിദൂര ദിക്കുകളിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. കൊവിഡ് പോസിറ്റീവ് ആയ ആളുകള്‍ തന്നെ വേണ്ടത്ര ആംബുലന്‍സ് സൗകര്യങ്ങള്‍ ഇല്ലാതെ പൊതുസ്ഥലത്ത് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു എന്നുളളത് ജില്ലാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിവരാനും കമാന്റോകളെയും മറ്റും നിയോഗിച്ച് ഭീതി പടര്‍ത്തുന്നതിനു പകരം ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും ആവശ്യസാധനങ്ങള്‍ എത്തിച്ച് കൊടുക്കാനുമാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

നിത്യോപയോഗ സാധനങ്ങള്‍ സംഭരിക്കാനുള്ള അവസരം പോലും ലഭ്യമാകാതെ പെട്ടെന്ന് അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അവശ്യ വസ്തുക്കള്‍ ലഭിക്കാതെ പ്രദേശവാസികള്‍ പ്രയാസപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം.

പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഭയം ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ട് കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കൃത്യത വരുത്തണം. ആ ബാധ്യത സര്‍ക്കാരിനുണ്ട്. പരിശോധന നടത്തി രോഗമുള്ളവരെ കണ്ടെത്തി അല്ലാത്തവര്‍ക്ക് ജാഗ്രത പാലിക്കാനുളള നിര്‍ദേശങ്ങള്‍ നല്‍കുന്ന പദ്ധതി ഊര്‍ജിതമാക്കണം.

പോസിറ്റീവ് രോഗികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോള്‍ അവര്‍ അനുഭവിക്കുന്ന  പ്രയാസങ്ങളും ദുരിതങ്ങളും സമയോചിതമായി ഇടപെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ഏര്‍പാടുകള്‍ ചെയ്യേണ്ടതാണ്. ക്വാറന്റൈനില്‍ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പോകേണ്ടി വരുന്ന കുട്ടികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അത് പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം.

ആരോഗ്യ പ്രവര്‍ത്തകരും നിയമപാലകരും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അല്‍ ഹാദി അസോസിയേഷന്‍ അഭിനന്ദിച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളിലും പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെയും നിയമപാലകരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ജാഗ്രത കൈവിടാതെ പ്രാര്‍ത്ഥനാനിരതരായിരിക്കാനും അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു. 

Tags: