'അക്ഷയ കേരളം' രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതി

പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Update: 2021-01-07 14:32 GMT
തിരുവനന്തപുരം: രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അക്ഷയ കേരളത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി തിരഞ്ഞെടുത്തത്.


2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 'എന്റെ ക്ഷയരോഗമുക്ത കേരളം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Tags: