എകെജി സെന്റര്‍ ആക്രമണം: അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Update: 2022-09-23 01:08 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്‌ഫോടക വസ്തുവിന്റെ ഉറവിടം, പ്രതി ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രതിയെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

അതേസമയം, ജിതിനെതിരേ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയും കടമ്പകളേറെയാണ്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകള്‍ ഇനിയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സ്‌ഫോടക വസ്തുവിന്റെ ഉറവിടം, സംഭവത്തിന് പിന്നിലെ ഗൂഢാലോചന, അന്ന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ തുടങ്ങിയവ കണ്ടെത്താനാവാത്തത് ക്രൈംബ്രാഞ്ചിന് വെല്ലുവിളിയായിട്ടുണ്ട്.

സംഭവസമയം ജിതിന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടും ഷൂസുമായിരുന്നു പ്രതിയിലേക്കെത്തിച്ച പ്രധാന തെളിവ്. ജിതിന്റെ വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇവ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ തൊണ്ടിമുതലുകളും കണ്ടെത്തണം. പ്രതിയുടെ ജാമ്യാപേക്ഷയിലും വിശദമായ കോടതി വാദം കേള്‍ക്കും. ജീവഹാനി വരുത്തുന്നതിനായുള്ള ആക്രമണമാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ലെന്ന് നിലപാടാവും പ്രതിഭാഗം ഉയര്‍ത്തുക. എകെജി സെന്ററിന് കേടുപറ്റിയിട്ടില്ല, ഒരുപോലെയുള്ള വസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ജിതിന്‍ പ്രതിയാണെന്ന് പറയാന്‍ കഴിയില്ലെന്നും പ്രതിഭാഗം ഉന്നയിക്കും.

Tags:    

Similar News