അക്ബറലി മമ്പാടിനെ സ്മരിക്കാന്‍ തിരൂരില്‍ സൗഹ്യദ കൂട്ടായ്മ

Update: 2021-01-06 16:53 GMT

തിരൂര്‍: മലപ്പുറം ജില്ലയിലും തിരൂരിലും സാമൂഹ്യ-സാംസ്‌കാരിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കഴിഞ്ഞ ദിവസം വിട പറഞ്ഞ അക്ബറലി മമ്പാടിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി സുഹ്യത്തുക്കള്‍ ഒത്തുകൂടുന്നു. 9ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തിരൂര്‍ ചേംബര്‍ ഹാളിലാണ് പരിപാടി.

കാല്‍നൂറ്റാണ്ടിലധികം തിരുരില്‍ സാമൂഹ്യ സേവനരംഗത്ത് വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു അക്ബറലി. നൂറുകണക്കിന് സൗഹ്യദവലയങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. തുടക്കത്തില്‍ തിരുര്‍ തമ്പ് സാംസ്‌കാരിക കൂട്ടായ്മയില്‍ നിന്നാണ് ക്യഷി ഓഫിസര്‍ കൂടിയായ അക്ബറലി പൊതുരംഗത്തേക്ക് കടന്നുവരുന്നത്.

ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ സിറ്റി ജംഗ്ഷനിലെ ഒഴിഞ്ഞ സ്ഥലമായിരുന്നു തമ്പിന്റെ സായാഹ്ന ഒത്തുകൂടല്‍ കേന്ദ്രം. താമസിയാത സാമൂഹ്യ പ്രവര്‍ത്തകരുടെ ഒരു കേന്ദ്രമായി അവിടം മാറി. അങ്ങനെ തമ്പിന് ഭാരവാഹികളും അഭ്യുദയകാംക്ഷികളുമായി. പിന്നീടങ്ങോട്ട് അക്ബറലിയുടെ നേത്യത്യത്തിലായിരുന്നു തിരുരിലെ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരുന്നത്. തിരൂര്‍ നഗരത്തില്‍ സംഘടനകളുടെ അതിപ്രസരത്തിനും അക്ബറലി കാരണക്കാരനായി. ആഴ്ചയില്‍ ഒന്നോ, രണ്ടോ പരിപാടികള്‍ ഗംഭീരമായിത്തന്നെ നടക്കുന്ന നഗരമായി തിരൂര്‍ മാറിയതും ഇക്കാരണത്താല്‍ത്തന്നെ.

തിരുര്‍ നഴ്‌സിംഗ് ഹോം ഉടമ പരേതനായ ഡോക്ടര്‍ ആലിക്കുട്ടിയായിരുന്നു എല്ലാ പരിപാടികളുടെയും അധ്യക്ഷന്‍. ഡോക്ടറുടെ വിടവ് അക്ബറലിയെ വല്ലാതെ നോവിച്ച ഒന്നായിരുന്നു. റിട്ടയര്‍മെന്റിനു ശേഷം മമ്പാട്ടേക്ക് താമസം മാറിയെങ്കിലും സോഷ്യല്‍ മീഡിയ സൗഹൃദവും, കാര്‍ഡ് എഴുത്ത് സൗഹ്യദവും അദ്ദേഹം തുടര്‍ന്നു. കുറച്ചു കാലമായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ പ്രയാസപ്പെട്ടു. പിന്നീട് ഒരു തിരിച്ചുവരവ് പോലെ വന്നപ്പോഴാണ് അക്കാലത്ത് തിരുരിലെ സുഹ്യത്തുക്കള്‍ അദ്ദേഹത്തെ ആദരിച്ചത്. അതൊരു വിടവാങ്ങല്‍ അടുത്തതിന്റെ ആദരവ് കൂടിയായി മാറി.

തിരുരിന് മായാത്ത ഓര്‍മകള്‍ സമ്മാനിച്ച അക്ബറലിയുടെ സ്മരണ നിലനിര്‍ത്താനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനും സൗഹ്യദവേദി വിപുലപ്പെടുത്താനുമാണ് ഒത്തുകൂടല്‍ ലക്ഷ്യമിടുന്നത്.