കൊച്ചിയില്‍ നിന്ന് ആകാശ എയര്‍ സര്‍വീസ് തുടങ്ങി

Update: 2022-08-12 11:14 GMT

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ആകാശ എയറിന്റെ കൊച്ചി സര്‍വീസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.10ന് ബംഗളൂരുവിലേക്കുള്ള ആദ്യ ആകാശ എയര്‍ വിമാനം കൊച്ചിയില്‍നിന്നും പറന്നുയര്‍ന്നു. ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബംഗളൂരു സര്‍വിസുകളുടെ മൊത്തം എണ്ണം 100 ആയി. ശനിയാഴ്ച മുതല്‍ ബംഗളൂരു- കൊച്ചി- ബംഗളൂരു മേഖലയില്‍ ആകാശ എയര്‍ പ്രതിദിനം രണ്ട് സര്‍വീസുകള്‍ നടത്തും. രാവിലെ 8.30ന് ബംഗളൂരുവില്‍ നിന്നെത്തുന്ന ആദ്യവിമാനം 9.05ന് മടങ്ങും. 12.30 നെത്തുന്ന രണ്ടാം വിമാനം 1.10ന് മടങ്ങിപ്പോവും.

കൊച്ചി കൂടാതെ ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് ആകാശ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സര്‍വീസുകളില്‍ 28 ഉം കൊച്ചിയില്‍ നിന്നുമാണ്. രാജ്യം ഏറെ കാത്തിരുന്ന ആകാശ എയര്‍ സര്‍വീസിന്റെ ഒന്നാം ഘട്ടത്തില്‍തന്നെ കൊച്ചിയെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ആകാശയുമായുള്ള സഹകരണം സിയാല്‍ വിലമതിക്കുന്നു. കൊച്ചി- ബംഗളൂരു മേഖലയിലെ യാത്രാസൗകാര്യം മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് നിരക്ക് കുറയുന്നതിനും ഇത് സഹായകരമാവുമെന്ന് കരുതുന്നു. എയര്‍ലൈനുകളെ കൊച്ചിയിലെത്തിക്കാന്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത്.

യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും തിരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യവും ഒരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബന്ധമാണ്- സുഹാസ് പറഞ്ഞു. ആകാശ എയറിന്റെ സര്‍വീസുകള്‍ യാത്രക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചതായി ആകാശയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. മിതമായ നിരക്കില്‍ ഏറ്റവും മികച്ച സേവനം യാത്രക്കാര്‍ക്ക് നല്‍കാന്‍ കൊച്ചി- ബംഗളൂരു സര്‍വീസിലൂടെ ആകാശ എയറിന് കഴിയുമെന്നാണ് പ്രതീക്ഷ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ഹെഡ് ഓപറേഷന്‍സ്, ദിനേശ് കുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സജി ഡാനിയേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News