ആകാശ് തില്ലങ്കേരി അതീവസുരക്ഷാ ബ്ലോക്കില്‍; ഇന്നോവ വില്‍പ്പനയ്‌ക്കെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Update: 2023-02-28 12:17 GMT

കണ്ണൂര്‍: ക്വട്ടേഷന്‍ നേതാവും ശുഐബ് വധക്കേസിലെ ഒന്നാംപ്രതിയുമായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും പാര്‍പ്പിച്ചിരിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍. സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കാണിത്. ഈ ബ്ലോക്കിലുള്ളതില്‍ ഭൂരിഭാഗവും ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായവരാണ്.

ഇരുവര്‍ക്കും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി കാര്‍ വില്‍പ്പനയ്ക്ക് വച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഫേസ്ബുക്കില്‍ കാര്‍ വില്‍പ്പനയ്ക്ക് വച്ചതിന്റെ പരസ്യം എത്തിയത്. 2011 മോഡല്‍ ഇന്നോവ കാറാണ് ഏഴ് ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ചത്. ജയിലിലായി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും വില്‍പ്പന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ടാണ് വാഹനം വില്‍പ്പനയ്ക്ക് വച്ചതെന്നാണ് ആകാശിന്റെ അച്ഛന്‍ രവീന്ദ്രന്‍ പറയുന്നത്.

ഫേസ്ബുക്കിലെ കാര്‍ വില്‍പന ഗ്രൂപ്പിലാണ് വാഹനം വില്‍പ്പനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. തിങ്കളാഴ്ചയാണ് ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലിസ് റിപോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോടെയാണ് കാപ്പ ചുമത്തിയത്. ആറുമാസം തടവിനും കലക്ടര്‍ ഉത്തരവിട്ടു. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും 14 ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ആകാശ് തില്ലങ്കേരി.

Tags:    

Similar News