കെ സുധാകരന്റേത് കലാപശ്രമം; വിവാദം ഇന്നലെ അവസാനിപ്പിച്ചതാണെന്നും എകെ ബാലന്‍

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനിട്ടത് ആരാണെന്നു വേണമെങ്കില്‍ ഉചിതമായ ഘട്ടത്തില്‍ പറയാം

Update: 2021-06-20 11:01 GMT

തിരുവനന്തപുരം: പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നും വ്യക്തിപരമായ ആക്രമണം തുടരുമെന്നും കെ സുധാകരന്‍ ഇന്ന് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത് കലാപശ്രമമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍. പിണറായിയെ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്നും മക്കളെ കാണണമെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും ബിജെപി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ ഭീഷണി. സുധാകരന്റെ പ്രസ്താവനകള്‍ കെപിസിസിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി പരിശോധിക്കുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ഞങ്ങള്‍ ഈ വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണെന്നും എകെ ബാലന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നും അതുകൊണ്ട് വ്യക്തിപരമായ ആക്രമണം തുടരുമെന്നും സുധാകരന്‍ ഇന്ന് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമാണ്. പിണറായിയെ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്നും മക്കളെ കാണണമെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും ബിജെപി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ ഭീഷണി. ഇതുവരെ സുധാകരന്‍ പറഞ്ഞത് യാദൃശ്ചികമല്ല, ബോധപൂര്‍വമാണ്. ഇന്നലത്തെ പത്രസമ്മേളനത്തോടെ സുധാകരന്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടപ്പെട്ടു. സുധാകരന്‍ തുടങ്ങിവെച്ച വിവാദത്തിലെ ആരോപണങ്ങള്‍ കുപ്പിവള പോലെ പൊട്ടിത്തകര്‍ന്നു. ഫ്രാന്‍സിസിന്റെ മകന്‍ തന്നെ സുധാകരന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഈ വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണ്. എന്നാല്‍ പൊതുബോധം എതിരായപ്പോള്‍ പഴയ ശൈലിയിലേക്ക് തിരിച്ചുപോവുകയും കലാപശ്രമം നടത്തുകയുമാണ് സുധാകരന്‍. കോണ്‍ഗ്രസ് നേതൃത്വം ഇതിനോടുള്ള നിലപാട് വ്യക്തമാക്കണം.

കെ സുധാകരന്‍ വീണിടത്തു കിടന്നുരുളുകയാണ്. പിണറായി വിജയനെ നേരിടാനുള്ള 'അഭിനവ തച്ചോളി ഒതേന'നായി ഇല്ലാത്ത വിശേഷണങ്ങള്‍ പ്രയോഗിച്ച് സുധാകരനെ ഉയര്‍ത്തിക്കാട്ടാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന ശ്രമമാണ് തകര്‍ന്ന് തരിപ്പണമായത്. നേരത്തേ പറഞ്ഞതിന് കടകവിരുദ്ധമായി അദ്ദേഹം തന്നെ പറയുകയാണ്.

എകെ ബാലനും മമ്പറം ദിവാകരനും 1971ലാണ് ബ്രണ്ണനില്‍ ചേര്‍ന്നതെന്നും അതിനു മുമ്പുള്ളതൊന്നും ബാലന് അറിയില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്. പിണറായി വിജയന്‍ കിട്ടാനുള്ള ചില പേപ്പറുകളുടെ പരീക്ഷയെഴുതാന്‍ ബ്രണ്ണന്‍ കോളജില്‍ വന്നപ്പോഴാണ് സംഭവം എന്നാണ് സുധാകരന്‍ മനോരമയോട് പറഞ്ഞത്. 'അന്ന് എ കെ ബാലന്റെ നേതൃത്വത്തില്‍ സമരം നടന്നു. കെഎസ്‌യുക്കാര്‍ ഇത് തടഞ്ഞു. സമരക്കാരെ നയിക്കാന്‍ വന്ന പിണറായി വിജയനെ അണികള്‍ നല്‍കിയ ആവേശത്തില്‍ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ട് തല്ലി' എന്നൊക്കെയാണ് സുധാകരന്റെ വീമ്പു പറച്ചില്‍.

1971നു മുമ്പു തന്നെ ഞാന്‍ ബ്രണ്ണനിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് സുധാകരന്റെ തന്നെ മനോരമ അഭിമുഖം. 1971ല്‍ കെ സുധാകരന്‍ കെഎസ്‌യുവില്‍ ഇല്ലല്ലോ; സംഘടനാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്ഒവിലാണ്. അപ്പോള്‍ എസ്എഫ്‌ഐയോട് ഏറ്റുമുട്ടേണ്ട പ്രശ്‌നമില്ലല്ലോ. അദ്ദേഹം വരുമ്പോള്‍ ഞാന്‍ അവിടെയില്ലെന്ന് പറഞ്ഞത് ബോധപൂര്‍വമാണ്. യഥാര്‍ഥത്തില്‍ 1968-69 കാലത്താണ് സംഭവം. അന്ന് ടിവി ബാലന്‍ മാഷിന്റെ ക്ലാസിനു മുമ്പില്‍ വെച്ചാണ് സംഭവം. അതിന്റെ ദൃക്‌സാക്ഷിയായ അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമുണ്ട്. 1968ല്‍ ഞാന്‍ കെഎസ്എഫിന്റെ താലൂക്ക് സെക്രട്ടറി ആയിരുന്നപ്പോഴാണ് കോടതി പിക്കറ്റിങ് നടന്നത്. അന്ന് കോടിയേരി ബാലകൃഷ്ണനും പി ജയരാജനും താലൂക്ക് കമ്മിറ്റിയിലുണ്ടായിരുന്നു.

സുധാകരന്റെ തന്നെ സുഹൃത്ത്, അഴീക്കോടുള്ള ഡോ. നരേന്ദ്രന്‍ എന്നോടൊപ്പം പ്രീഡിഗ്രിക്ക് ബയോളജിക്ക് പഠിച്ചതാണ്. എന്റെ കൂടെ പ്രീഡിഗ്രി ബയോളജിക്ക് പഠിച്ച ചന്ദ്രശേഖരന്‍ തലശ്ശേരിയിലെ അറിയപ്പെടുന്ന ഫിസിഷ്യനാണ്. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള ഡോ. ശാന്താറാമും ഉണ്ട്. ഇവരുടെയൊക്കെ മൊബൈല്‍ നമ്പര്‍ എന്റെ പക്കലുണ്ട്. കണ്ണൂര്‍ രാമ തെരുവിലുളള രാഘവന്‍ മാഷ് ബ്രണ്ണനില്‍ പഠിപ്പിക്കുന്ന സമയത്താണ് ഞാന്‍ അവിടെ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നതെന്ന് ഇന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു. എംഎന്‍ വിജയന്‍ മാഷ്, മധുകര്‍ റാവു, ആറ്റൂര്‍ രവിവര്‍മ, വിജയരാഘവന്‍ മാഷ്, ആന്റണി മാഷ് എന്നിവരൊക്കെ എന്നെ പ്രീ ഡിഗ്രിക്ക് പഠിപ്പിച്ചവരാണ്. എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച കെഎസ്‌യുവിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു ലക്ഷദ്വീപിലെ മുത്തുക്കോയ. അദ്ദേഹം പിന്നീട് എയര്‍ ഇന്ത്യ മാനേജര്‍ ആയി. ഇപ്പോള്‍ മാഹിയിലുണ്ട്. എന്റെ സീനിയര്‍ ആയി പഠിച്ചവരാണ് കൊച്ചി യൂനിവേഴ്‌സിറ്റി കണ്‍ട്രോളര്‍ ആയിരുന്ന ഡോ. കെവി കുഞ്ഞികൃഷ്ണന്‍, സിപി അബൂബക്കര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍. ഇതൊക്കെ അറിയാത്ത ഒരാളാണ് സുധാകരന്‍ എന്ന് തോന്നുന്നില്ല.

പിണറായി വിജയന്‍ സംഭവത്തില്‍ എന്റെ സാന്നിധ്യം മറച്ചുവെച്ചത് മൂലം സുധാകരന്‍ നടത്തുന്ന ഗൂഡാലോചനക്ക് അദ്ദേഹത്തിന്റെ തന്നെ പ്രസ്താവന കടകവിരുദ്ധമായി തീര്‍ന്നു.

1967-69 കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയ ബ്രണ്ണന്‍ കോളജില്‍ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ വളരെ മോശം മുദ്രാവാക്യം വിളിച്ച് ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇതുകേട്ട് പ്രകോപിതനായി ഞാന്‍ ശക്തമായി സിഎച്ചിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും കെഎസ്എഫ് പ്രവര്‍ത്തകര്‍ സംരക്ഷണം കൊടുത്ത് ചടങ്ങ് വിജയിപ്പിക്കുകയും ചെയ്തു. മുഹമ്മദ്‌കോയ സാഹിബ് ചടങ്ങ് കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ കെഎസ്എഫ് പ്രവര്‍ത്തകരെ അഭിനന്ദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇക്കാര്യം പിന്നീട് സിഎച്ച് മുഹമ്മദ്‌കോയ അനുസ്മരണത്തില്‍ പാലക്കാട് പങ്കെടുത്ത എംഎന്‍ വിജയന്‍ മാഷ് അനുസ്മരിച്ചിരുന്നു. അന്ന് വേദിയില്‍ ഡോ. എംകെ മുനീറും കെടി ജലീലും ഉണ്ടായിരുന്നു. സിഎച്ച് മുഹമ്മദ് കോയക്കെതിരെ സംസ്ഥാനവ്യാപകമായി കെഎസ്‌യുവും കോണ്‍ഗ്രസ്സും നടത്തിയ അക്രമസമരങ്ങളെ ചെറുത്ത് സിഎച്ചിനെ സംരക്ഷിക്കാന്‍ സി പിഎമ്മും കെഎസ്എഫും മുന്നിലുണ്ടായിരുന്നു. ഇനി സുധാകരന്‍ പറയൂ, 1968 മുതല്‍ 1973 വരെ ഞാന്‍ ബ്രണ്ണനില്‍ ഉണ്ടായിരുന്നോ എന്ന്.

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനിട്ടത് ആരാണെന്നു വേണമെങ്കില്‍ ഉചിതമായ ഘട്ടത്തില്‍ പറയാം.

സുധാകരന്റെ പ്രസ്താവനകള്‍ കെപിസിസിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.

Tags:    

Similar News