എയര്‍ബസ് എ320 സോഫ്റ്റ്‌വെയര്‍ തകരാര്‍; ഇന്ത്യയിലെ ഭൂരിഭാഗം വിമാനങ്ങളിലും അപ്‌ഡേറ്റ് പൂര്‍ത്തിയായി

Update: 2025-11-30 05:51 GMT

ന്യൂഡല്‍ഹി: എയര്‍ബസ് എ320 വിമാനങ്ങളിലെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്ന് രാജ്യത്തുടനീളം നടപ്പാക്കിയ അടിയന്തര സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ പുരോഗമിക്കുകയാണ്. 350ഓളം വിമാന സര്‍വീസുകള്‍ തടസ്സപ്പെടാമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും, ഭൂരിഭാഗം വിമാനങ്ങളിലും ആവശ്യമായ പരിഷ്‌കരണം പൂര്‍ത്തിയായതായി എയര്‍ലൈന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

എയര്‍ബസ് എ320 ശ്രേണിയിലെ വിമാനങ്ങളിലാണ് പരിഷ്‌കരണം ആവശ്യപ്പെട്ടത്. സൗരജ്വാല മൂലമുണ്ടാകുന്ന ശക്തമായ വികിരണങ്ങള്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങളെ ബാധിക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ മൊഡ്യൂളില്‍ മാറ്റം കൊണ്ടുവരുന്നത്. ലോകത്താകെ പ്രവര്‍ത്തനക്ഷമമായ 6,000 എ320 വിമാനങ്ങള്‍ക്കാണ് ഇത്തരമൊരു അപ്‌ഡേറ്റ് ആവശ്യമായേക്കാമെന്ന് എയര്‍ബസ് വ്യക്തമാക്കിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 560ഓളം എ320 വിമാനങ്ങളില്‍ 350 വിമാനങ്ങള്‍ക്കാണ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണം അല്ലെങ്കില്‍ യന്ത്രഭാഗ പുനക്രമീകരണം ആവശ്യമായി വരാനിടയുള്ളത്. ഇഎല്‍എസി ബി ഫ്‌ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടറിലെ 'എല്‍104' പതിപ്പിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് നിര്‍മാതാക്കളായ എയര്‍ബസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടിയന്തര നടപടി നിര്‍ദേശം പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 30നു സോഫ്റ്റ്‌വെയര്‍ പതിപ്പ് 'എല്‍ 104'ല്‍ പ്രവര്‍ത്തിച്ചിരുന്ന എ320 വിമാനം പൈലറ്റിന്റെ നിര്‍ദേശമില്ലാതെ തന്നെ പൊടുന്നനെ താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ യുഎസ് സര്‍ക്കാറിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എയര്‍ബസ് പിഴവ് കണ്ടെത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇഎല്‍എസി മൊഡ്യൂള്‍ അപ്‌ഡേറ്റ് ചെയ്തതിനു ശേഷം മാത്രമേ അടുത്ത സര്‍വിസ് അനുവദിക്കാവൂ എന്ന നിര്‍ദേശം യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്‍ഡിഗോയുടെ 200 വിമാനങ്ങളില്‍ പിഴവ് ബാധിച്ചിട്ടുണ്ടെന്നും ഇവ പൂര്‍ണമായി അപ്‌ഡേറ്റ് ചെയ്തതായും വ്യക്തമാക്കി. എയര്‍ ഇന്ത്യയും ഏകദേശം 90 ശതമാനം വിമാനങ്ങളിലും നവീകരണം പൂര്‍ത്തിയായതായി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 31 വിമാനങ്ങളില്‍ പുനക്രമീകരണം പുരോഗമിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ചില സര്‍വീസുകള്‍ക്ക് നേരിയ താമസം ഉണ്ടാകാമെന്ന് കമ്പനികള്‍ അറിയിച്ചു.

Tags: