വിമാന സര്‍വീസ് പ്രതിസന്ധി: ഇന്ന് മുതല്‍ ഇന്‍ഡിഗോയുടെ യാത്രാ വൗച്ചറുകള്‍, നഷ്ടപരിഹാരം 10,000 രൂപ വരെ
ന്യൂഡല്‍ഹി: വിമാന സര്‍വീസ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകളുടെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കിയിരുന്നു. സര്‍വീസ് തടസ്സപ്പെട്ട സമയത്തിനനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ഇന്‍ഡിഗോ നല്‍കുന്ന ട്രാവല്‍ വൗച്ചറുകള്‍ക്ക് 12 മാസത്തെ കാലാവധിയുണ്ടാകും. ഇന്‍ഡിഗോ നടത്തുന്ന ഏത് ആഭ്യന്തരവും അന്താരാഷ്ട്രവുമായ യാത്രയ്ക്കും ഇവ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകയുടെ റീഫണ്ട് ആരംഭിച്ചതായും, ഇതുവരെ ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതല്‍ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്‍ഡിഗോ അധികൃതര്‍ ബന്ധപ്പെട്ട് തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.
യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം ട്രാവല്‍ വൗച്ചറുകള്‍ വിതരണം ചെയ്യും. ചിലരെ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ജനുവരി ഒന്നുമുതല്‍ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, അവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വൗച്ചറുകള്‍ ലഭ്യമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.