അന്തരീക്ഷ മലിനീകരണം: രാജ്യത്ത് 16.7 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി; രണ്ടര ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം

Update: 2020-12-22 18:29 GMT

ന്യൂഡല്‍ഹി: 2019 ല്‍ വായു മലിനീകരണം മൂലം രാജ്യത്ത് 16.7 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വായു മലിനീകരണത്തിലൂടെ രാജ്യത്തിന് സാമ്പത്തികമായും ഏറെ നഷ്ടം നേരിടേണ്ടി വന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്റര്‍ ഡിസിപ്ലിനറി ജേണല്‍ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ 18 ശതമാനവും അന്തരീക്ഷ മലിനീകരണ മരണമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

അകാലമരണത്തോടൊപ്പം ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉല്‍പാദനം) 1.36 ശതമാനം നഷ്ടം സംഭവിച്ചു. ഡല്‍ഹിയില്‍ ശ്വാസകോശ രോഗങ്ങള്‍ കാരണം ദിവസം 80ഓളം പേര്‍ മരിക്കുന്നു. ഒരാള്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. വായു മലിനീകരണത്തിലൂടെ 40 ശതമാനം ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകുന്നുണ്ടെന്നും ഇത് കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ സ്‌ട്രോക്ക് തുടങ്ങിയവക്കും കാരണമാകുന്നു. കുഞ്ഞുങ്ങളില്‍ പകുതിയും മരിച്ചത് സൂക്ഷമമായ മാലിന്യ കണങ്ങള്‍ അടങ്ങിയ വായു (പി. പി.എം.2.5) ശ്വസിച്ചാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ ചാണകം, കരി തുടങ്ങിയവ കത്തിക്കുമ്പോള്‍ വായുവില്‍ നിറയുന്ന സൂക്ഷമമായ പൊടി ശ്വസിച്ചാണ്. മലിന വായു ശ്വസിക്കുന്ന ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് ഭാരകുറവുണ്ടാവും. ആദ്യ മാസം തന്നെ മരിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.