ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി. നിലവില്‍ ഡല്‍ഹിയിലെ വായു 'മോശം' വിഭാഗത്തിലാണ്, വൈകീട്ടോടെ അത് 'വളരെ മോശം' കാറ്റഗറിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ വായു ഗുണനിലവാര ബുള്ളറ്റിനനുസരിച്ച് നവംബര്‍ 6 മുതല്‍ 8 വരെ മലിനീകരണ തോത് കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത. ബോര്‍ഡ് നല്‍കിയ കണക്കനുസരിച്ച്, AQI 050 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് കാറ്റഗറികള്‍.
രാവിലെ 8.30നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു സീസണിലെ ശരാശരിയേക്കാള്‍ 2.6 ഡിഗ്രി താഴെ. ഈര്‍പ്പനില 75 ശതമാനമായി രേഖപ്പെടുത്തി. പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസായി ഉയരാനാണ് സാധ്യത, മൂടല്‍മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശീതകാലം തുടങ്ങിയതോടെ പുകമഞ്ഞ്, വാഹനവാതകം, കെട്ടിടനിര്‍മാണം തുടങ്ങിയ ഘടകങ്ങള്‍ വായുമലിനീകരണത്തിന് കാരണമാകുന്നതായി വിദഗ്ദര്‍ വ്യക്തമാക്കി.