ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

Update: 2025-10-29 06:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. പലയിടങ്ങളിലും 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക എന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ മലിനീകരണ തോത് ഉയര്‍ന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.

ക്ലൗഡ് സീഡിംഗ് വിജയിച്ചാല്‍ കൃത്രിമ മഴ വഴി വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. മഴ 15 മിനിറ്റിനുള്ളില്‍ ഉണ്ടാകാം അല്ലെങ്കില്‍ 4 മണിക്കൂര്‍ വരെ എടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ കെ പുരം, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണം ഉയര്‍ന്ന സാഹചര്യത്തില്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മന്റ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ ബിഎസ് 6(ബിഎസ് 6) നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല. ബിഎസ് 6, എല്‍എന്‍ജി, സിഎന്‍ജി, ഇ വി വാഹനങ്ങള്‍ ഒഴികെയുള്ളവയെ വിലക്ക് ബാധിക്കും. നിലവില്‍ ബിഎസ് 4 നിലവാരത്തിലുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രമാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.

Tags: