ഡല്‍ഹിയിലെ വായുമലിനീകരണം 'വളരെ മോശ'മായി തുടരുന്നു; മെട്രോകളില്‍ 30 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി

Update: 2021-11-21 05:00 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം 'വളരെ മോശ'മായി തുടരുന്നുവെന്ന് സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്. നഗരത്തിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 377 ആയി. ശനിയാഴ്ച അത് 355 ആയിരുന്നു. അതിനു തൊട്ടു മുമ്പ് വെള്ളിയാഴ്ച 332ഉം ആയിരുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഡല്‍ഹിയിലെ താമസക്കാരെ മലിനീകരണം ഗുരുതരമായി ബാധിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കില്‍ പല പ്രദേശങ്ങളിലും വായുമലിനീകരണ തീവ്രത 401നും 500നും ഇടയിലാണ്. ആനന്ദ് വിഹാര്‍, ജഹാംഗിര്‍പൂര്‍, മുന്‍ഡക്, ആര്‍കെ പുരം, രോഹിണി, വിവേക് വിഹാര്‍ എന്നിവിടങ്ങളില്‍ എക്യുഐ 401നും 500നും ഇടയിലായിരുന്നു.

കാറ്റിനുള്ള സാധ്യതയുള്ളതുകൊണ്ട് ഞായറാഴ്ച എക്യുഐ കുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. 

ഗാസിയാബാദ് 346, നോയ്ഡ 357, ഗ്രേറ്റര്‍ നോയ്ഡ 320, ഫരീദാബാദ് 347 എന്നിങ്ങനെയാണ് മറ്റ് ചില പ്രദേശങ്ങളിലെ മലിനീകരണത്തോത്.

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി മെട്രോകളില്‍ നിന്ന് യാത്ര ചെയ്യാന്‍ ദുരന്ത നിരവാരണ അതോറിറ്റി അനുമതി നല്‍കി. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി. ഓരോ കോച്ചിലും 30 പേരെയാണ് നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുക. 

അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് വരുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ നൂറ് ശതമാനവും വര്‍ക്ക് ഫ്രം ഹോമിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. 

Tags: