ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രമായി തുടരുന്നു

Update: 2020-12-04 18:19 GMT

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി വായുമലിനീകരണം തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ സ്ഥിതിഗതികളില്‍ ഇപ്പോഴും വലിയ മാറ്റമില്ല. സര്‍ക്കാരിന്റെ ശ്രമഫലമായി സമീപ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കലില്‍ വലിയ കുറവ് വന്നെങ്കിലും മലിനീകരണത്തിന്റെ തോതില്‍ അതിന്റെ സ്വാധീനം പ്രകടമായിട്ടില്ല.

ഇന്ന് ജഹാംഗീര്‍പൂരില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 300 ആണ് രേഖപ്പെടുത്തിയത്. രോഹിണി 333, ഐടിഐ ഷഹ്ദ്ര 247, ആനന്ദ് വിഹാര്‍ 146 എന്നിങ്ങനെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണക്കുകള്‍.

ഡല്‍ഹിയില്‍ നിലവില്‍ എക്യുഐ വളരെ മോശം വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

അടുത്ത രണ്ട് ദിവസങ്ങളിലും വായുമലിനീകരണത്തിന്റെ തോതില്‍ വലിയ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിഭാഗം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.