വായുമലിനീകരണം; ഡല്‍ഹിയില്‍ ജനുവരി ഒന്നു വരെ പടക്കം നിരോധിച്ചു

Update: 2021-09-29 03:12 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ഉണ്ടാകാനിടയുള്ള വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് ജനുവരി ഒന്നുവരെ പടക്കത്തിന്റെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ചു. നേരത്തെ ദീപാവലി കാലത്ത് ഡല്‍ഹിയില്‍ പടക്കം നിരോധിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കൊവിഡിനെപ്പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രതിസന്ധി വര്‍ധിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് നിരോധനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പഞ്ചാബിലും ഹരിയാനയിലും യുപിയിലും വ്യാപകമായി വയല്‍ കത്തിക്കല്‍ നടക്കാറുണ്ട്. വിളവെടുപ്പ് കഴിഞ്ഞ് വയലില്‍ ശേഷിക്കുന്ന വൈക്കോല്‍ നീക്കം ചെയ്യുന്നതിനുള്ള എളുപ്പമുള്ള മാര്‍ഗം കത്തിച്ചുകളയലാണ്. അതിന്റെ ഭാഗമായാണ് നഗരങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നത്. താഴ്ന്ന താപനിലയും കുറഞ്ഞ കാറ്റും വ്യവസായശാലകളില്‍ നിന്ന് പുറത്തുവരുന്ന പുകപടലങ്ങളും വായുമലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കും.

ഇത് നിയന്ത്രിക്കുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

Tags: