വായുമലിനീകരണം: തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ഡല്‍ഹി പരിസ്ഥിതി മന്ത്രി

Update: 2021-11-21 09:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയി തിങ്കളാഴ്ച ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉന്നതതല യോഗം വിളിക്കും. വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വിവിധ ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

മലിനീകരണതീവ്രത കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കുകയാണ്. അതിനെക്കുറിച്ച് തീരുമാനെടുക്കാനാണ് യോഗം വിളിക്കുന്നത്. 

'ഞായറാഴ്ച അവസാനിക്കുന്ന നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും''- ഡല്‍ഹി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 382ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ ശരാശരി 374ഉം രേഖപ്പെടുത്തി. ശനിയാഴ്ച അത് 355 ആയിരുന്നു. അതിനു തൊട്ടു മുമ്പ് വെള്ളിയാഴ്ച 332ഉം ആയിരുന്നു.

കാറ്റിനുള്ള സാധ്യതയുള്ളതുകൊണ്ട് ഞായറാഴ്ച എക്യുഐ കുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.

ഗാസിയാബാദ് 346, നോയ്ഡ 357, ഗ്രേറ്റര്‍ നോയ്ഡ 320, ഫരീദാബാദ് 347 എന്നിങ്ങനെയാണ് മറ്റ് ചില പ്രദേശങ്ങളിലെ മലിനീകരണത്തോത്.

അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് വരുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ നൂറ് ശതമാനവും വര്‍ക്ക് ഫ്രം ഹോമിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചു.

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

Tags:    

Similar News