നേരിടുന്നത് കടുത്ത പ്രതിസന്ധി; 10,000 കോടി രൂപ സഹായം തേടി എയര്‍ ഇന്ത്യ

Update: 2025-10-31 06:01 GMT

ന്യൂഡല്‍ഹി: സഹായം ആവശ്യപ്പെട്ടുകൊണ്ട് ഉടമകളായ ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരെ സമീപിച്ച് എയര്‍ ഇന്ത്യ. 10,000 കോടി രൂപയുടെ സഹായം നല്‍കണമെന്നാണ് ആവശ്യം. അഹമ്മദാബാദ് വിമാനാപകടവും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവും മൂലം കടുത്ത പ്രതിസന്ധിക്കിടെയാണ് സഹായം ആവശ്യപ്പെട്ടത്.

പാകിസ്താന്റെ വ്യോമപാത നിയന്ത്രണങ്ങള്‍ മൂലം ഏകദേശം 4,000 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി. പ്രവര്‍ത്തന നഷ്ടം നികത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വന്തമായി എഞ്ചിനീയറിങ്, അറ്റകുറ്റപ്പണി വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.

എയര്‍ ഇന്ത്യയിലെ 74.9 ശതമാനം ഓഹരി ടാറ്റ സണ്‍സിനും ബാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുമാണ്. ഓഹരി അനുപാതത്തില്‍ സഹായം നല്‍കണമെന്നതാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. തുക പലിശരഹിത വായ്പയായോ ഓഹരി വിഹിതമായി തന്നെയോ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് നീക്കം.

അഹമ്മദാബാദില്‍ നിന്നു ലണ്ടനിലേക്കുപുറപ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ടേക്ക്ഓഫിന് പിന്നാലെ തകര്‍ന്നുവീണത് എയര്‍ ഇന്ത്യക്ക് കനത്ത ആഘാതം ഉണ്ടാക്കി. ജൂണ്‍ 12നുണ്ടായ അപകടത്തില്‍ 240ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് ഡിജിസിഎ സമഗ്ര സുരക്ഷാ ഓഡിറ്റ് ആരംഭിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഡ്രീംലൈനര്‍ സര്‍വീസുകള്‍ 15 ശതമാനം കുറയ്‌ക്കേണ്ടിവന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രവര്‍ത്തന ചെലവുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചു.

അടുത്ത മാര്‍ച്ചോടെ നഷ്ടം നികത്തി ലാഭത്തിലാക്കാമെന്ന ലക്ഷ്യം ഇപ്പോള്‍ അനിശ്ചിതത്തിലാണ്. നിലവില്‍ 64 ശതമാനത്തിലധികം വിപണി വിഹിതം കൈവശം വച്ചുള്ള ഇന്‍ഡിഗോ മാത്രമാണ് രാജ്യത്ത് ലാഭത്തിലോടുന്ന ഏക വിമാന കമ്പനി.

Tags: