എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അവസാന തീരുമാനമെടുത്തില്ലെന്ന് പിയൂഷ് ഗോയല്‍

Update: 2021-10-02 09:20 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അവസാന തീരുമാനമെടുത്തിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ടെന്‍ഡര്‍ പ്രക്രിയയില്‍ അവസാന ജേതാവിനെ വിശദമായ പരിശോധനക്ക് ശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

''ഞാന്‍ ദുബയിലായിരുന്നു. അതിനിടയില്‍ അത്തരമൊരു തീരുമാനമെടുത്തതായി അറിയില്ല. ശരിയാണ് ടെന്‍ഡര്‍ വിളിച്ചിരുന്നു. അക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കും. അതിന് ചില രീതികളുണ്ട്. അവസാന ജേതാവിനെ പിന്നീട് തിരഞ്ഞെടുക്കും''- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കടക്കെണിയിലായ എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏറ്റവും കൂടിയ തുക നിര്‍ദേശിച്ചത് ടാറ്റ ഗ്രൂപ്പായിരുന്നു.

എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുആസ്തി മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കന്‍ത പാണ്ഡെയും ട്വീറ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ചതായ വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. 

കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കഴിഞ്ഞ സപ്തംബറിലാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്‌ക്കൊപ്പം സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം.

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. 

Tags:    

Similar News