യാത്രക്കാരുടെ ലഗേജുകള്‍ ഇല്ലാതെ പറന്ന് എയര്‍ ഇന്ത്യ

Update: 2026-02-04 05:10 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും യാത്രക്കാര്‍ക്ക് ദുരനുഭവം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഏകദേശം 40 യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ മറന്നുവച്ചാണ് വിമാനം പറന്നുയര്‍ന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട എഐ 2677 നമ്പര്‍ വിമാനത്തിലാണ് സംഭവം. വിമാനം നിശ്ചിത സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് മുന്‍പേ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. നേരത്തെ എത്തിയതിന്റെ സന്തോഷത്തിലായിരുന്ന യാത്രക്കാര്‍ ബാഗേജ് ലഭിക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് തങ്ങളുടെ ലഗേജുകള്‍ വിമാനത്തില്‍ എത്തിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. ഒരു മുഴുവന്‍ കാര്‍ഗോ കണ്ടെയ്‌നര്‍ വിമാനത്തില്‍ കയറ്റാതെ വിട്ടുപോയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം.

അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകള്‍ മൂലമാണ് ലഗേജുകള്‍ മുംബൈയില്‍ തന്നെ അവശേഷിച്ചതെന്ന വിശദീകരണമാണ് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. എന്നാല്‍ സംഭവത്തെ പറ്റി കൂടുതല്‍ വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

Tags: