എഐഎംഐഎം ബംഗാള്‍ നിയമസഭയിലേക്കും മല്‍സരിക്കുമെന്ന് ഉവൈസി

Update: 2020-11-11 10:39 GMT

ഹൈദരാബാദ്: ബീഹാര്‍ നിയമസഭയില്‍ നേട്ടം കൊയ്ത ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (ഐഎംഐഎം) പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി. അടുത്ത വര്‍ഷമാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊരുതാന്‍ തയ്യാറാണെങ്കില്‍ മല്‍സരരംഗത്തുണ്ടാവുമെന്നും ഹൈദരാബാദില്‍ നിന്നുളള ലോക്‌സഭാ അംഗം കൂടിയായ ഉവൈസി പറഞ്ഞു. ഇക്കാര്യത്തില്‍ താമസിയാതെത്തന്നെ തീരുമാനമെടക്കുമെന്നും അദ്ദേഹംപറഞ്ഞു.

ഇക്കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. സീമാഞ്ചല്‍ മേഖലയിലെ ബെയ്സി, അമൂര്‍, കൊച്ചധമാന്‍, ബഹാദൂര്‍ഗഞ്ച്, ജോഖിഹാത്ത് മണ്ഡലങ്ങളില്‍ നിന്നാണ് ഇത്തവണ ഉവൈസി വിജയിച്ചു കയറിയത്. 1.2 ശതമാനം വോട്ടും നേടി.

മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ കുശ്വാ നേതൃത്വം നല്‍കുന്ന ആര്‍എല്‍എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് 24 ഇടങ്ങളിലാണ് പാര്‍ട്ടി മല്‍സരിച്ചത്. ഇതില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ സീമാഞ്ചല്‍ മേഖലയില്‍ 14 മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

294 അംഗ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 ലാണ് നടക്കുന്നത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

Tags: