ഹൈദരാബാദില്‍ മുനിസിപ്പല്‍ അധികാരികള്‍ തകര്‍ത്ത പള്ളി പുനര്‍നിര്‍മിക്കുമെന്ന് എഐഎംഐഎം എംഎല്‍എ
ഹൈദരാബാദ്: നാല് ദിവസം മുമ്പ് ഹൈദരാബാദിലെ ഷംഷാബാദില്‍ മുനിസിപ്പല്‍ അധികാരികള്‍ തകര്‍ത്ത പള്ളി അതേ സ്ഥലത്ത് പുനര്‍നിര്‍മ്മിക്കുമെന്ന് എഐഎംഐഎം എംഎല്‍എ.
തെലങ്കാന അസംബ്ലി അംഗമായ കൗസര്‍ മൊഹിയുദ്ദീനും ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ന്റെ മറ്റ് പ്രാദേശിക നേതാക്കളും പ്രദേശവാസികളും ചേര്‍ന്ന് മസ്ജിദ്ഇഖാജാ മഹമൂദ് ഉണ്ടായിരുന്ന ഗ്രീന്‍ അവന്യൂ കോളനിയിലെ അതേ സ്ഥലത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയശേഷമാണ് പള്ളി പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്.
എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ അഭ്യര്‍ത്ഥനപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പള്ളി പുനര്‍നിര്‍മിക്കാന്‍ അനുവദിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഒരുക്കിയിരുന്നത്. 50 പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്.
മസ്ജിദ് തകര്‍ത്തത് പ്രാദേശിക മുസ്ലീങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. മുനിസിപ്പല്‍ ഓഫിസിലും രംഗറെഡ്ഡി ജില്ലാ കളക്ടറുടെ ഓഫിസിലും എഐഎംഐഎം നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.
മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മൂന്നംഗ സമിതി രൂപീകരിച്ച് നഗരസഭാ ഓഫിസും മസ്ജിദ് തകര്‍ത്ത സ്ഥലവും സന്ദര്‍ശിച്ചു. പള്ളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കില്ലെന്ന് സമിതിയുടെ സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
എഐഎംഐഎം നേതാക്കള്‍ക്കൊപ്പം പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റിയും മസ്ജിദ് നിര്‍മാണത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. പൊളിക്കുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മ്മിച്ചത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉള്‍പ്പെടെ ദിവസവും അഞ്ച് തവണ നമസ്‌കാരം പതിവായി നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ പോലിസിന്റെ സാന്നിധ്യത്തില്‍ ബുള്‍ഡോസര്‍ വിന്യസിച്ചാണ് മുനിസിപ്പല്‍ അധികൃതര്‍ മസ്ജിദ് തകര്‍ത്തത്. ആരാധനാലയം അംഗീകാരമില്ലാതെ നിര്‍മിച്ചെന്ന പ്രദേശവാസിയുടെ പരാതിയിലാണ് നടപടി. എന്നാല്‍, എല്ലാ അനുമതികളും നേടിയ ശേഷമാണ് പള്ളി പണിതതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നു.

