ബീഹാര്‍ നിയമസഭയില്‍ 'വന്ദേമാതരം' ആലപിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം തള്ളി എഐഎംഐഎം നേതാക്കള്‍

Update: 2022-02-16 13:07 GMT

പട്‌ന; ബീഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം സ്പീക്കറുടെ നിര്‍ദേശപ്രകാരം നടന്ന വന്ദേമാതര ആലാപനത്തില്‍ നിന്ന് എഐഎംഐഎം നേതാക്കള്‍ വിട്ടുനിന്നു. എഐഎംഐഎം മേധാവിയും എംഎല്‍എയുമായ അക്തറുല്‍ ഇമാം അടക്കം നാല് പാര്‍ട്ടി എംഎല്‍എമാരാണ് വന്ദേമാതര ആലാപനത്തില്‍ നിന്ന് വിട്ടുനിന്നത്. ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വന്ദേമാതരത്തോടെ സമ്മേളനം അവസാനിച്ചത്.

ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 25നും വന്ദേമാതരം ആലാപനമുണ്ട്. അതില്‍നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കും.

നിയമസഭയിലെയും കൗണ്‍സിലിലെയും ഓരോ അംഗവും വന്ദേമാതരം ആലപിക്കണമെന്ന സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എഐഎംഐഎം നേതാക്കള്‍ ശക്തമായ നിലപാടെടുത്തത്. ദേശീയ ഗാനവും ദേശീയ ഗീതവും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകങ്ങളാണെന്നും അതിനാല്‍, ഓരോ പൗരനും അത് പരസ്യമായി ആലപിക്കണമെന്നായിരുന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

'ഇസ് ലാമിനു വിരുദ്ധമായി ഭൂമിയെയും മറ്റ് വസ്തുക്കളെയും ആരാധിക്കുന്നുവെന്ന പ്രതീതിയാണ് വന്ദേമാതരം നല്‍കുന്നത്. അതിനാല്‍, ഒരു വേദിയിലും ഞങ്ങളത് പാടില്ല. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. നിയമസഭാ നടപടികളില്‍ നിന്ന് ദേശീയ ഗീതം പിന്‍വലിക്കാന്‍ അവര്‍ക്ക് തീരുമാനമെടുക്കാം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാ ജാതിയെയും മതത്തെയും ബഹുമാനിക്കണം' അക്തറുല്‍ ഇമാം പറഞ്ഞു.

ദേശീയഗാനം ആലപിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News