ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം ഒത്തു തീര്‍ന്നു

Update: 2020-06-10 01:27 GMT

ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ആവശ്യപ്പെട്ട് നഴ്‌സ്മാരുടെ യൂണിയന്‍ നടത്തിവന്നിരുന്ന സമരമാണ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്. യൂണിയന്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളെല്ലാം എയിംസ് മാനേജ്‌മെന്റ് അംഗീകരിച്ചു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുഴുവന്‍ നഴ്‌സുമാരും ബുധനാഴ്ച കൂട്ട അവധിയെടുത്ത് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ 15 മുതല്‍ അനിശ്ചത കാല സമരവും പ്രഖ്യാപിച്ചിരുന്നു.

എയിംസ് ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടും ഡപ്യൂട്ടി ഡയറക്ടറും ചേര്‍ന്ന് ഒരു മീറ്റിങ് വിളിച്ചുചേര്‍ത്തെന്നും നഴ്‌സുമാര്‍ മുന്നോട്ടുവച്ചിരുന്ന ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചതെന്ന് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരിഷ് കജ്‌ല പറഞ്ഞു.

കൊവിഡ് ജോലി സമയം ആറ് മണിക്കൂറായി ചുരുക്കുക, ഡോണിങ് ഡോഫിങ് എന്നിവ ജോലി സമയത്തിന്റെ ഭാഗമാക്കുക, കൊവിഡ് ചികില്‍സ നടക്കുന്ന പരിസരങ്ങളില്‍ കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കുക, കൊവിഡ് വാര്‍ഡുകളില്‍ മാത്രമായി നഴ്‌സുമാരെ നിയോഗിക്കുന്നതു നിര്‍ത്തി 25 ശതമാനം നഴ്‌സുമാരെ റോട്ടേഷന്‍ അനുസരിച്ച് നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് അനുകൂല തീരുമാനമുണ്ടായത്. കൂടാതെ താമസം-യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങളും അംഗീകരിച്ചു. എയിംസില്‍ ഏകദേശം 5,500ഓളം നഴ്‌സുമാരാണ് ഉള്ളത്. 

Tags:    

Similar News