കൊച്ചി: മയക്കുമരുന്നായ ഹെറോയിന്‍ സംസ്ഥാനത്തേയ്ക്ക് കടത്തുന്നത് വര്‍ധിക്കുന്നതായി റിപോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല മലയാളികളും ഇടനിലക്കാരായി വര്‍ത്തിക്കുന്നു എന്ന റിപോര്‍ട്ടുകളും വരുന്നുണ്ട്. ലഹരി മരുന്നിന്റെ കടത്ത് കൂടിയതോടെ എച്ച്‌ഐവി വ്യാപന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചാണ് പ്രധാനമായും ഹെറോയിന്‍ ഉപയോഗിക്കുന്നത്. ഒന്നിലധികം പേര്‍ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതു കൊണ്ടുതന്നെ എച്ച്‌ഐവി പകരാന്‍ കാരണമാകുന്നു. ഓപ്പിയം ചെടിയുടെ കായകളിലെ കറയെടുത്തതിനു ശേഷം ലാബുകളില്‍ വച്ച് ഹെറോയിനാക്കി മാറ്റുകയാണ് ചെയ്യുന്നത്.
എറണാകുളത്ത് അടുത്തിടെ ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ഈ മാസം, ആലുവയില്‍ 50 ലക്ഷം രൂപയുടെ ഹെറോയിനും പിടികൂടി. അസമില്‍ നിന്നും മറ്റും തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന ഹെറോയിന്‍, ഗ്രാമിന് വലിയ വിലയാണ് കേരളത്തില്‍ ഈടാക്കുന്നത്. രാജ്യത്ത് അസം, ഹരിയാന, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഹെറോയില്‍ ഉപയോഗം കൂടുതല്‍.