പൗരത്വബില്ലിനെ പിന്തുണച്ച് വിവാദം സൃഷ്ടിച്ച എഐഎഡിഎംകെ എം പി മുഹമ്മദ്ജാന്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2021-03-24 17:22 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് വിവാദം സൃഷ്ടിച്ച എഐഎഡിഎംകെ എംപിയും മുന്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുമായ മുഹമ്മദ്ജാന്‍ ഹൃദയാഘാതം മൂലം മരിച്ചു. റാണിപേട്ടിലെ സ്വവസതിയില്‍ വച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. 72 വയസ്സായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് എംപിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്. പെട്ടെന്ന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

2011-16 കാലത്ത് ന്യൂനപക്ഷ, പിന്നാക്ക വകുപ്പിന്റെ മന്ത്രിയായിരുന്ന അഹമ്മദ്ജാനെ 2019 ജൂണിലാണ് പിഎംകെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അന്‍പുമണി രാംദോസ്സിനൊപ്പം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നേരത്തെ തമിഴ്‌നാട് വക്കഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു.

പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി നിലപാടെടുത്ത മുഹമ്മദ്ജാനെ അല്‍ ജമാഅത്ത് ഫെഡറേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു. പൗരത്വഭേദഗതി നിയമത്തെ പിന്തുണക്കുക വഴി എംപി സമുദായത്തെ ഒറ്റുകൊടുത്തുവെന്നായിരുന്നു ഫെഡറേഷന്റെ നിലപാട്.

Tags: