നരേന്ദ്രമോദിയെയും മാതാവിനെയും ചിത്രീകരിക്കുന്ന എഐ വിഡിയോ വിവാദത്തില്‍; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

Update: 2025-09-12 06:07 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും ചിത്രീകരിക്കുന്ന എഐ വിഡിയോ വിവാദത്തില്‍. തിരഞ്ഞെടുപ്പിന് മുമ്പ് വികാരങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മനപൂര്‍വ്വമായ അപമാനമാണ് കോണ്‍ഗ്രസിന്റേതെന്ന് ബിജെപി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാപ്പ് പറയണമെന്നും നടപടിയെടുക്കണമെന്നുമാണ് നിലവില്‍ ബിജെപി ആവശ്യപ്പെടുന്നത്.

വിഡ്യോയില്‍ മോദിയുടെ മാതാവ് തന്റെ പേരു പറഞ്ഞ് വോട്ട് വാങ്ങരുതെന്ന് മോദിയോട് പറയുന്നുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനേ തുടര്‍ന്നാണ് സംഗതി വിവാദത്തിലായത്.

ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ വീഡിയോയെ അപലപിച്ചു, രാഷ്ട്രീയത്തിലെ പുതിയ തരംതാണ അവസ്ഥയാണിതെന്ന് വിശേഷിപ്പിച്ചു. ''പ്രധാനമന്ത്രി മോദി എപ്പോഴും രാഷ്ട്രീയത്തെ കുടുംബജീവിതത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിട്ടുണ്ട്. ആദ്യം പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വേദനാജനകമാണ്,'' അദ്ദേഹം പറഞ്ഞു, വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുതൊട്ടുപിന്നാലെ, സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ബീഹാറിലെ എന്‍ഡിഎയുടെ വനിതാ വിഭാഗം അഞ്ചുമണിക്കൂര്‍ ബന്ദ് നടത്തി. അതേസമയം 'തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള' അജ്ഞാത വ്യക്തികളില്‍ നിന്നാണ് ഇത്തരത്തിലൊരു ദുരുപയോഗം നടന്നതെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും വ്യക്തമാക്കി.

Tags: