ഇംഗ്ലീഷിലോ ഔദ്യോഗിക മലയാളത്തിലോ പ്രാവീണ്യമില്ലാത്തവർ നേരിടുന്ന ഭാഷാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസാര ഭാഷയിലുള്ള മലയാളത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സർക്കാർ സേവനങ്ങൾ വോയിസ് കമാൻഡുകൾ വഴി തദ്ദേശഭാഷയിൽ തന്നെ ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായകരമാകും.
ഇതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിൻ്റെ ഭാരതീയ ഭാഷാ ഇന്റർഫേസ് സംരംഭമായ ‘ഭാഷിണി’യുമായി സർക്കാർ ബുധനാഴ്‌ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഭാഷിണിയുടെ സേവനങ്ങളിൽ വോയിസ്-ടു-വോയിസ് വിവർത്തനം, വോയിസ്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും. ഈ സേവനങ്ങൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
ആപ്ലിക്കേഷൻ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ അടിസ്ഥാന സോഫ്റ്റ്‌വെയർ മറ്റ് ഡെവലപ്പർമാരുമായി പങ്കിടാനും സംവിധാനമുണ്ടാകും. ഡാറ്റാ സുരക്ഷ ഉറപ്പാക്കിയും വാണിജ്യ എഐ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് ഒഴിവാക്കിയും സർക്കാരിന് ഈ പദ്ധതിയിലൂടെ ചെലവ് കുറയ്ക്കാനുമാകും.