അഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്‍മാരും

Update: 2025-06-12 10:21 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനാപകടത്തില്‍പ്പെട്ടവരില്‍ വിദേശ പൗരന്‍മാരും. 242 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ഒരു മിനിറ്റിനകം തകര്‍ന്നു വീഴുകയായിരുന്നു. 242 യാത്രക്കാരില്‍ 12 പേര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ്. വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടെന്ന് സംശയിക്കുന്നു. ഉച്ചക്ക് 1:30നായിരുന്നു അപകടം.

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇന്ത്യന്‍ യാത്രക്കാരോടൊപ്പം, ഗാറ്റ്വിക്കിലേക്ക് പോയ വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. നിലവില്‍ 40 മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കെത്തിച്ചുവെന്നും സൂചനകളുണ്ട്.

വിമാനത്തില്‍ കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് സൂചന. മലയാളിയും ഉണ്ടായിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവും ഗുജറാത്ത് മുഖ്യമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് 270 അംഗ എന്‍ഡിആര്‍ഫ് സംഘം സ്ഥലത്തുണ്ട്. നിലവില്‍ വിമാനത്താവളം അടച്ചു.







Tags: