സ്വിച്ച് ഓഫ് ചെയ്തത് എന്തിനെന്ന് ചോദ്യം, താന്‍ ഓഫാക്കിയിട്ടില്ല എന്ന് സഹപൈലറ്റിന്റെ മറുപടി; അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപോര്‍ട്ട് പുറത്ത്. പറയുര്‍ന്നതിനു മുമ്പു തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തല്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ച 15 പേജുള്ള റിപോര്‍ട്ടിലാണ് വെളിപിപെടുത്തല്‍.
കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍ നിന്ന് പൈലറ്റിന്റെ സംഭാഷണം ലഭിച്ചു. ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് എന്തിനാണ് നിങ്ങള്‍ സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ അത് ഓഫാക്കിയിട്ടില്ല എന്നായിരുന്നു സഹപൈലറ്റിന്റെ മറുപടി. ഈ സംഭാഷണം പുറത്തു വന്നതോടെ വലിയ തരത്തിലുള്ള ദുരൂഹതയാണ് ഉയരുന്നത്. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12 നാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഉണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 275 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.