കാര്‍ഷിക നിയമം: കേരള നിയമസഭയുടെ പ്രമേയത്തെ എതിര്‍ത്തില്ലെന്ന് രാജഗോപാല്‍

Update: 2020-12-31 06:12 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ താന്‍ എതിര്‍ത്തില്ലെന്ന് ഒ രാജഗോപാല്‍. പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും പ്രമേയം ഏകകണ്ഠമായാണ് പാസ്സാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറും ഏകകണ്ഠമായാണ് പ്രമേയം പാസ്സായതെന്ന് സഭയെ അറിയിച്ചിരുന്നു.

പ്രമേയം ചര്‍ച്ചയ്ക്കു വന്ന സമയത്ത് കേന്ദ്ര നിയമം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണെന്നും ഇതിനെതിരേ രംഗത്തുവരുന്നവര്‍ കാര്‍ഷിക താല്‍പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണെന്നും ബിജെപി അംഗം ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞിരുന്നു. പിന്നീട് വാര്‍ത്താലേഖകരുമായി സംസാരിക്കുന്നതിനിടയിലാണ് താന്‍ പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഓ രാജഗോപാല്‍ അറിയിച്ചത്.

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം.