കാര്‍ഷിക നിയമം: കര്‍ഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും

Update: 2021-11-19 04:51 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാര്‍ഷിക ഘടനയെത്തന്നെ മാറ്റിത്തീര്‍ക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാക്കള്‍.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ കര്‍ഷകരുടെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

കര്‍ഷകരുടെ ത്യാഗമാണ് വിജയത്തിന് കാരണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ശരിയായ ദിശയിലുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ പഞ്ചാബിയുടെയും ആവശ്യമാണ് പുതിയ തീരുമാനമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സങ് ട്വീറ്റ് ചെയ്തു.

നല്ല വാര്‍ത്ത, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ഓരോ പഞ്ചാബിയുടെയും ആവശ്യമായിരുന്നു മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയെന്നത്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷ. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല- അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

കാര്‍ഷിക നിയമത്തിനെതിരേയുള്ള സമരത്തില്‍ കൊല്ലപ്പെട്ട 700ഓളം പേരെ എക്കാലവും ഓര്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കര്‍ഷകരെയും കൃഷിയെയും എങ്ങനെ സംരക്ഷിച്ചവെന്ന് വരും തലമുറകള്‍ ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരു വര്‍ഷമായി രാജ്യത്തെ കര്‍ഷക സംഘടനകള്‍ സമരത്തിലാണ്. സമരത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Tags: