കാര്‍ഷിക നിയമം: ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രിംകോടതിയില്‍

Update: 2020-12-11 11:17 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ സപ്തംബറില്‍ പാര്‍ലമെന്റിന്റെ ഇരു സംഭകളും പാസ്സാക്കി രാഷ്ട്രപതി ഒപ്പുവച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തി പാസ്സാക്കിയെടുത്ത മൂന്ന് നിയമങ്ങളും കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് കര്‍ഷകരെ വിട്ടുകൊടുക്കുന്നവയാണെന്ന് യൂനിയന്‍ നല്‍കിയ ഹരജയില്‍ പറയുന്നു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മൂന്നു നിയമങ്ങളും റദ്ദാക്കണമെന്നാണ് ആവശ്യം.

അതിനിടയില്‍ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം ഉടനടി നിര്‍ത്തിവയ്ക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയില്ലെങ്കിലും സമരക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഏകദേശം രണ്ടാഴ്ചയായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനത്തോടെ കൂടുതല്‍ തീവ്രമായിരിക്കുകയാണ്. ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ കൂടുതല്‍ കര്‍ഷകസമരക്കാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.