അഗ്‌നിപഥ് പദ്ധതി ഉടന്‍ പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

Update: 2022-06-19 02:44 GMT

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ മന്ത്രിസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിലെ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്. അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ സൈന്യത്തില്‍ സ്ഥിരമായി റിക്രൂട്ട്‌മെന്റ് നടത്തേണ്ടത് ആവശ്യമാണ്. എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭ്യമാക്കണം. എന്നാല്‍, ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ എല്ലാവരുമായും സമഗ്രമായ ചര്‍ച്ച നടത്തേണ്ടതായിരുന്നു. വലിയ പൊതുതാല്‍പ്പര്യവും യുവാക്കളുടെ ആത്മാഭിമാനവും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ യുവാക്കളുടെ വികാരത്തിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, തെലങ്കാന എന്നിവ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലേക്ക് അക്രമാസക്തമായ പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി പ്രതിപക്ഷ സംസ്ഥാനങ്ങളെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പദ്ധതിയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സോണിയാ ഗാന്ധി പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സമാധാനപരമായി സമരം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News