അഗ്‌നിപഥ്: ആര്‍എസ്എസിന് സായുധ പരിശീലനം ലഭിച്ചവരെ അണിനിരത്താനുള്ള വംശീയ പദ്ധതിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

അര്‍ദ്ധ സൈനിക സ്വഭാവമുള്ള ആര്‍എസ്എസിനെ സൈനിക സംഘമായി രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന് മാത്രം ഉപകരിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്

Update: 2022-06-19 08:32 GMT

തിരുവനന്തപുരം: അഗ്‌നിപഥ് എന്ന പുതിയ സൈനിക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് രാജ്യത്തെ ആര്‍എസ്എസിന് സൈനിക സേവനം ലഭിച്ച വാളണ്ടിയര്‍മാരെ അണിനിരത്താന്‍ ബിജെപി ഭരണകൂടം ചുട്ടെടുത്ത പദ്ധതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വംശീയ ഉന്മൂലനത്തിന് ശക്തി പകരാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വംശീയ ഭരണകൂടം നടത്തിവരുന്ന ഉന്മാദ ദേശീയത ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ സൈനികവല്‍ക്കരിക്കുകയാണ് അഗ്‌നി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈനിക മേഖലയിലെ രീതിയും പ്രവര്‍ത്തനങ്ങളും രാജ്യത്തെ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറുന്നത് അവരുടെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ്. സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിയായി തെറ്റിദ്ധരിപ്പിച്ച് ഒരുകൂട്ടം വംശീയ ഭീകര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സൈനിക പരിശീലനം നല്‍കി സമൂഹത്തില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണിത്.

ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയെ സൈനികവല്‍കൃത രാജ്യമാക്കി മാറ്റുക എന്നുള്ളത് ആര്‍എസ്എസ് ലക്ഷ്യംവയ്ക്കുന്ന പ്രവര്‍ത്തനമാണ്. അര്‍ദ്ധ സൈനിക സ്വഭാവമുള്ള ആര്‍എസ്എസിനെ സൈനിക സംഘമായി രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന് മാത്രം ഉപകരിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. യുവാക്കളുടെ മനസ്സിലേക്ക് സൈനികവല്‍ക്കരണം നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളോടും ദലിത് ആദിവാസി സമൂഹങ്ങളോടും അപകടകരമായ മാനസികാവസ്ഥ പുലര്‍ത്തുന്നവരാതി മാറ്റിയെടുക്കാനുള്ള നീക്കമാണ്. സൈനിക മേഖലയിലെ ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളി കൂടിയാണ് അഗ്‌നിപഥ്. ഒരു ലക്ഷത്തിനു പുറത്ത് ഒഴിവുള്ള സൈനിക മേഖലയില്‍ 46000 താല്‍ക്കാലിക നിയമനം നടത്തുന്നതിലൂടെ യുവാക്കളുടെ തൊഴില്‍ സ്വപ്നത്തെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ തകര്‍ക്കുന്നതും യുവാക്കളുടെ തൊഴില്‍ സുരക്ഷയും തൊഴില്‍ അവകാശങ്ങളും ഇല്ലാതാക്കുന്നതുമായ അഗ്‌നിപഥ് വംശീയ പദ്ധതിക്കെതിരെ ജനാധിപത്യം സമൂഹം ശക്തമായ പോരാട്ടത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

Similar News