അഗ്നിപഥ്: കേസില്‍ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

Update: 2022-06-21 04:39 GMT

ന്യൂഡല്‍ഹി: കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കുംമുമ്പെ തങ്ങളെ കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.

അഗ്നിപഥിനെതിരേ ഇതുവരെ 3 ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഏത് കേസിലാണ് തങ്ങളെ കേള്‍ക്കേണ്ടതെന്ന് എടുത്തുപറഞ്ഞിട്ടില്ല.

അഗ്നിപഥ് പദ്ധതി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഹര്‍ഷ് അജയ് സിങ്ങാണ് ആദ്യ ഹരജി നല്‍കിയത്. അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്താകമാനം പ്രതിഷേധമുണ്ടായ കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എംഎല്‍ ശര്‍മയും വിശാല്‍ തിവാരിയും മറ്റ് രണ്ട് ഹരജികള്‍ക്കൂടി നല്‍കിയിട്ടുണ്ട്.

നൂറ്റാണ്ടു പഴക്കമുള്ള നിയമരരീതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് എംഎല്‍ ശര്‍മയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് തിവാരിയുടെ ഹരജി വാദിക്കുന്നത്. സൈന്യം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

അഗ്നിപഥ് പദ്ധതി പ്രഖ്യാപനം പുറത്തുവന്നശേഷം രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

17.5നും 21നും ഇടയിലുള്ളവരെ നാല് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തിനുശേഷം 25 ശതമാനമൊഴിച്ചുള്ളവരെ പിരിച്ചുവിടും. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെങ്കിലും പെന്‍ഷന്‍ ആനുകൂല്യമുണ്ടാവില്ല.

Tags:    

Similar News