കോഴിക്കോട് നടക്കുന്ന അഗ്നീപഥ് റിക്രൂട്ട്‌മെന്റ് റാലി: ഒരുക്കങ്ങള്‍ വിലയിരുത്തി

Update: 2022-08-24 15:43 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരസേന വിഭാഗങ്ങളിലെ നിയമനമായ അഗ്‌നീപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേണല്‍ പി.എച്ച് മഹാഷബ്‌ഡെ വിശദ വിവരങ്ങള്‍ നല്‍കി.

ഭക്ഷണം, താമസം, ശുചിമുറി, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഒരുക്കുകയെന്ന് കേണല്‍ പി എച്ച് മഹാഷബ്‌ഡെ പറഞ്ഞു.

ഒക്ടോബര്‍ 1 മുതല്‍ 20 വരെ നടക്കുന്ന റാലിയിലേക്ക് 35,000 ഉദ്യോഗാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കാസര്‍കോട്,പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാം. റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 3 വരെ ലഭ്യമാണ്. റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

Tags:    

Similar News