അഗ്നിപഥ്: ബിജെപിയിലേക്ക് സായുധകേഡര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: സായുധസേനകളിലേക്ക് കരാര്‍ നിയമനം നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഗ്നിപഥ് എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക റിക്രൂട്ട്‌മെന്റ്, ബിജെപിയുടെ സായുധ കേഡര്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്നും മമത നിയമസഭയില്‍ ആരോപിച്ചു.
പുതിയ പദ്ധതി സായുധ സേനയെ പരിഹസിക്കുന്നതിന് തുല്യമാണ്. 'അഗ്‌നിവീര്‍' സൈനികരെ അവരുടെ നാല് വര്‍ഷത്തെ സേവന കാലയളവിന് ശേഷം പാര്‍ട്ടി ഓഫിസുകളില്‍ 'കാവല്‍ക്കാരായി' നിയമിക്കാന്‍ ശരിക്കും ബിജെപിക്ക് പദ്ധതിയുണ്ടോയെന്നും മമത ആശ്ചര്യപ്പെട്ടു.
'ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം അവര്‍ എന്ത് ചെയ്യും? യുവാക്കളുടെ കൈകളില്‍ ആയുധം നല്‍കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു,' മമത നിയമസഭയില്‍ പറഞ്ഞു.
''2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പദ്ധതികളുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്''- മമത പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
