സംസ്ഥാന ഭാരവാഹികള്‍ക്ക് 75, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60; സിപിഐയില്‍ പ്രായപരിധി കര്‍ശനമാക്കി

ബ്രാഞ്ച് തലത്തില്‍ പ്രായപരിധി ബാധകല്ല

Update: 2022-04-25 11:21 GMT

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി കര്‍ശനമാക്കി. നേതൃതലത്തിലാണ് സിപിഐ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം, ബ്രാഞ്ച് തലത്തില്‍ പ്രായപരിധി ബാധകമാകില്ല. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അംഗീകരിക്കാന്‍ ഇന്ന് കൂടിയ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഇന്നുകൂടിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ പോലിസ് നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നു. കഴക്കൂട്ടത്ത് കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പോലിസ് നടപടിക്കെതിരെയാണ് സിപിഐ വിമര്‍ശനമുന്നയിച്ചത്. പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. സംഭവം സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും സിപിഐ ചൂണ്ടിക്കാട്ടി. 

Tags: