വീണ്ടും പിണറായി യുഗം; ഉപദേശക ഭരണം തുടരും; ഏകാധിപത്യത്തില്‍ പൊലിഞ്ഞത് ശൈലജ ടീച്ചര്‍
കെആര്‍ ഗൗരിയമ്മയോടും സുശീല ഗോപാലനോടും സിപിഎം ചെയ്ത ചരിത്രപരമായ തെറ്റ് കെകെ ശൈലജയോടും ആവര്‍ത്തിക്കുന്നു
തിരുവനന്തപുരം: കെകെ ശൈലജയെപ്പോലെ ജനപ്രിയ നേതാക്കളെ, പുതുമുഖ നയം പറഞ്ഞ് വെട്ടിനിരത്തിയ പിണറായി വിജയന്റെ ഏകാധിപത്യ വാഴ്ചയാണ് ഇനിയുണ്ടാവുക. പിണറായി വിജയന്റെ രണ്ടാമൂഴത്തില്‍ ആ ഏകാധിപത്യ സ്വഭാവം നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യരായ എംഎല്‍എമാരെയാണ് മന്ത്രിമാരായി തിരഞ്ഞെടുത്തിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയാത്ത, താരതമ്യേന ജൂനിയറായ എംഎല്‍എമാരെയാണ് മന്ത്രിയാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയില്‍ എല്ലാം കേന്ദ്രീകരിക്കുന്ന രീതിയാണ് ഇനി സംഭവിക്കുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണചക്രം ചലിപ്പിച്ചിരുന്നത് ഉപദേശകരായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മുഖ്യമന്ത്രിയുടെ ഉപദേശകര്‍ ആരൊക്കെയാവും എന്നത് കൗതുകമുള്ള കാര്യമാണ്. ഐസക്കിനെപ്പോലെ മികച്ച മന്ത്രിമാരുണ്ടായിരുന്നിട്ടും ഉപദേശകരെ കൊണ്ടു മുഖ്യമന്ത്രിയുടെ ഓഫിസ് നിറച്ചത് ക്യാപ്റ്റനിലേക്ക് അധികാരം കേന്ദ്രീകരിക്കാനായിരുന്നു. 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന രൂപത്തില്‍ മുഖ്യമന്ത്രി ഏകാധിപതിയായ ക്യാപ്റ്റനായി തീരുകയാണ്.
പുതുമുഖങ്ങള്‍ എന്ന ഒറ്റവരി നയം മാത്രമല്ല, രണ്ടാം പിണറായി മന്ത്രിസഭയില്‍ പ്രതിഫലിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലേ വെട്ടിനിരത്തില്‍ കാണാനാവും. തോമസ് ഐസക്, ജി സുധാകരന്‍, പികെ ശ്രീമതി, പി ജയരാജന്‍ അങ്ങനെ പലരേയും പുതുമുഖമാറ്റം പറഞ്ഞ് വെട്ടിമാറ്റി. തടസം നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാവരെയും ഒറ്റവരി നയത്തിലൂടെ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ആശ്രിതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ എന്ന ഒറ്റ യോഗ്യതയില്‍ പ്രഫ.ആര്‍ ബിന്ദു മന്ത്രിയായത്.
കൊവിഡ് ആദ്യഘട്ട പ്രതിരോധവുമായി ബന്ധപ്പെട്ടു 2020ന്റെ തുടക്കില്‍ വാര്‍ത്താസമ്മേളനം നടത്തി ദൈംദിന കൊവിഡ് കണക്കുകള്‍ അറിയിച്ചിരുന്നത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെകെ ശൈലജയായിരുന്നു. എന്നാല്‍ വളരെപെട്ടന്ന് ഉപദേശക നിര്‍ദ്ദേശമനുസരിച്ച് മുഖ്യമന്ത്രി കൊവിഡ് കണക്കുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ ഒരുവശത്ത് നിശബ്ദയായി ഏറെക്കാലം ശൈലജ തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിന് ശേഷം ഒരിക്കലും ശൈലജ ടീച്ചര്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊവിഡ് പ്രതിരോധ വാര്‍ത്താസമ്മേളനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ ആധികാരികമായി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച ശൈലജ ടീച്ചര്‍ക്ക് ധാരണയുണ്ടായിരുന്നു. കൊവിഡ് ആദ്യഘട്ടത്തില്‍ തന്നെ ശൈലജയുടെ പ്രവര്‍ത്തന മികവ് കേരളം അനുഭവിച്ചറിഞ്ഞതാണ്. തലമുറ മാറ്റത്തേക്കുറിച്ച് ചര്‍ച്ച വരുമ്പോഴും, ശൈലജക്ക് ഇളവുണ്ടാകും എന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സിപിഎം കേന്ദ്ര നേതൃത്വവും അങ്ങനെ തന്നെയാണ് കരുതിയിരുന്നതും.
ഒരു ഘട്ടത്തില്‍ ശൈലജ മുഖ്യമന്ത്രിയാവും എന്നുവരെ പ്രതീക്ഷിച്ചിരുന്നു. പല സര്‍വേകളിലും മുഖ്യമന്ത്രിയായി ശൈലജ ടീച്ചറുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ഇത്തരത്തില്‍, ശൈലജ ടീച്ചര്‍ക്ക് വലിയ ജനപിന്തുണ ലഭിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളിലെ പലര്‍ക്കും അസ്വസ്ഥതയുണ്ടായി. ഈ പശ്ചാത്തലത്തില്‍, തുടക്കത്തില്‍ രണ്ടാം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന് കേട്ടിരുന്നുവെങ്കിലും പഴയ മന്ത്രിമാരൊന്നും പട്ടികയിലില്ലാത്തതിനാല്‍ ടീച്ചറും വേണ്ട എന്ന കടുത്ത തീരുമാനത്തിലേക്ക് പോവുകയായിരുന്നു. 1996ല്‍ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്ന സുശീല ഗോപാലനെ ഒഴിവാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന ഇകെ നായനാരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒരു പക്ഷേ, ഇടതു ചരിത്രത്തില്‍ നേരത്തെ കെആര്‍ ഗൗരിയമ്മയോടും സുശീല ഗോപാലനോടും ചെയ്ത തെറ്റ് ശൈലജ ടീച്ചറുടെ കാര്യത്തിലും സിപിഎം ആവര്‍ത്തിക്കുകയാണ്.

