പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടിക്കു പിന്നാലെ മുസ് ലിംനേതാക്കളെ സന്ദര്‍ശിച്ച് മോഹന്‍ ഭാഗവത്

Update: 2022-09-22 12:51 GMT

ന്യൂഡല്‍ഹി: വിവിധ തലങ്ങളിലുള്ള മുസ് ലിം സമുദായ നേതാക്കളെ കൂടെനിര്‍ത്താനുള്ള പദ്ധതിയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ തലവനുമായി മോഹന്‍ ഭാഗവത് ന്യൂഡല്‍ഹിയിലെ ഒരു പള്ളിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നൂറോളം പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഭാഗവതും ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹ്മദ് ഇല്യാസിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ പള്ളിയില്‍ അടഞ്ഞമുറിക്കുള്ളില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

മോഹന്‍ ഭാഗവതിനൊപ്പം ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

രാം ലാല്‍ ബിജെപി നേതൃത്വം നല്‍കുന്ന മുസ് ലിം രാഷ്ട്രീയമഞ്ചിന്റെ നേതാവാണ്.

തങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ തങ്ങളുടെ ക്ഷണപ്രകാരമാണ് ഭഗവത്ജി എത്തിയതതെന്ന് സുഹൈബ് ഇല്യാസി പറഞ്ഞു. ഇമാമുമാരുടെ സംഘടനയാണ് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍.

കൂടിക്കാഴ്ചക്കു ശേഷം ഭാഗവതിനെ രാഷ്ട്രപിതാവെന്നും ഇല്യാസി വിശേഷിപ്പിച്ചു. മോഹന്‍ ഭാഗവത് രാഷ്ട്രപിതാവാണെന്നും തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Tags: