വയനാടിന് അഭിമാനം: ശ്രീധന്യക്കു പിന്നാലെ ഹസന്‍ ഉസൈദ് സിവില്‍ സര്‍വീസിലേക്ക്

Update: 2020-08-04 10:55 GMT

കല്‍പ്പറ്റ: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 542 റാങ്ക്നേടി നായ്ക്കട്ടി ചേര്‍വയല്‍ സ്വദേശി ഹസന്‍ ഉസൈദ് വയനാടിന് അഭിമാനമായി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികള്‍ ഉള്‍പ്പെട്ടു.

2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ആഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്.

സി.എസ്. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപികയായസൈനബയുടെയും മകനാണ് ഹസന്‍ ഉസൈദ്.

വിദ്യാഭ്യാസം മുഴുവന്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തിലായിരുന്നു. നായ്ക്കട്ടി എല്‍പി സ്‌കൂള്‍, മാതമംഗലം യുപി എസ്, മൂലങ്കാവ് ഗവ.ഹൈസ്‌കൂള്‍, മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി, സിഇടി തിരുവനന്തപുരം(ബിടെക്) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബിടെക് നേടിയതിനുശേഷം രണ്ടു വര്‍ഷം ശോഭ ഡെവലപ്പേഴ്‌സില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറു മാസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. നാലു വര്‍ഷം സ്വയംപഠനം. നാലു തവണ പരീക്ഷയെഴുതി. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം തവണ 542 റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് അസി.കലക്ടര്‍ ശ്രീധന്യാ സുരേഷിനു പിന്നാലെയാണ് സാധാരണ കുടുംബത്തില്‍ നിന്ന് ഹസന്‍ ഉസൈദ് ഇന്ത്യന്‍ ഭരണ സര്‍വ്വീസിലേക്ക് എത്തിയത്.